ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ കേസില്‍ ആര്‍മി ഉദ്യോഗസ്ഥന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണിപ്പൂരിലെ തൗബ ജില്ല സ്വദേശിയായ സേനാനായക് എൻ ഘൻശ്യാമിനാണ് പോക്‌സോ സ്‌പെഷല്‍ കോടതി ശിക്ഷ വിധിച്ചത്. വ്യാഴാഴ്‌ചയാണ് (ഓഗസ്റ്റ് 10) ജഡ്‌ജി പ്രമേന്ത കുമാര്‍ ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. 2013 മുതലാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.
അച്ഛനെ കാണാനെത്തി മകളെ പീഡിപ്പിച്ചു:പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ ആര്‍മിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. ആഗ്രയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ആര്‍മി കമാന്‍ഡന്‍റ് ആയ സേനാനായക് എൻ ഘൻശ്യാം ഇടയ്‌ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥനായ പെണ്‍കുട്ടിയുടെ പിതാവിനെ കാണാന്‍ ആഗ്രയിലെ വീട്ടിലെത്താറുണ്ടായിരുന്നു. അത്തരത്തില്‍ 2013ല്‍ വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. അന്നാണ് ആദ്യമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലില്‍ പകര്‍ത്തി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ അച്ഛന്‍ മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് ട്രാന്‍സ്‌ഫറായി. ദിവസത്തിന് ശേഷം സേനാനായക്കും ട്രാന്‍സ്‌ഫറായി ഭോപ്പാലിലെത്തി. തുടര്‍ന്ന് നേരത്തെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് പിന്നീട് ആറ് വര്‍ഷം പലപ്പോഴായി വീട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇയാളുടെ ഭീഷണി ഭയന്ന് ആറ് വര്‍ഷം തുടര്‍ച്ചയായി പീഡനത്തിനിരയായിട്ടും പെണ്‍കുട്ടി സംഭവം പുറത്ത് പറഞ്ഞിരുന്നില്ല.