ശ്രീനഗർ: തീവ്രവാദികളുമായി ഏറ്റുമുട്ടലുകൾ നടക്കുന്ന പശ്ചാത്തലത്തിൽ ജമ്മു കശ്‌മീരിലെത്തി സ്ഥിതിഗതികൾ അവലോകനം ചെയ്‌ത് കരസേനാമേധാവി ജനറൽ മനോജ് പാണ്ഡെ (General Manoj Pande). സുരാന്‍കോട്ടിലും രജൗറിയിലും നടക്കുന്ന ദൗത്യങ്ങളുടെ പുരോഗതി അദ്ദേഹം നേരിട്ട് വിലയിരുത്തി. കശ്‌മീരിലെ പൂഞ്ച് സെക്‌ടറിലെത്തിയ അദ്ദേഹം കമാൻഡർമാരുമായി ആശയവിനിമയം നടത്തിയെന്നും സൈനിക വക്താവ് അറിയിച്ചു (Army Chief Visits Jammu Kashmir and Reviewed Security Scenario).
നാല് സൈനികർ വീരമൃത്യു വരിച്ച തീവ്രവാദി ഏറ്റുമുട്ടലിനു പിന്നാലെ സൈനീക കസ്‌റ്റഡിയിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത് സൈന്യത്തിനെതിരെ വിമർശനമുയരാൻ കാരണമായിരുന്നു. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് കരസേനാമേധാവിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നത്.
സംശയാസ്‌പദമായി മൂന്നുപേരുടെ മരണം: ഡിസംബര്‍ 22 നാണ് പൂഞ്ചില്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി സൈന്യം എട്ട് പേരെ പിടികൂടിയിരുന്നു. ഇവരിൽ മൂന്ന് പേരെയാണ് വെള്ളിയാഴ്‌ച (ഡിസംബര്‍ 22) സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുഫ്‌ലിയാസിലെ ടോപ പീര്‍ ഗ്രാമത്തില്‍ നിന്നുള്ള സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷോക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ: മരിച്ചവരുടെ ശരീരത്തിൽ വലിയ മർദ്ദനം ഏറ്റതിന്‍റെ മുറിവുണ്ടായിരുന്നെന ആരോപണവുമായി നാട്ടുകാർ പ്രതിഷേധിച്ചു. ഇതിനിടെ സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട മൂന്ന് യുവാക്കൾ അടക്കമുള്ള ചില നാട്ടുകാരെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചത് സ്ഥിതിഗതികൾ വഷളാക്കി. അതോടെ ഈ മേഖലയിൽ ഇന്‍റർനെറ്റ് റദ്ദാക്കിയിരുന്നു.
ബന്ധുക്കൾക്ക് സർക്കാർ ജോലി: ഇതോടെ വിഷയം തണുപ്പിക്കാൻ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് ധനസഹായവും കുടുംബത്തിലൊരാൾക്ക് ജോലിയും സർക്കാർ പ്രഖ്യാപിച്ചു. സൈന്യം ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. അന്വേഷണത്തിനിടെ, സംഭവത്തിലുൾപ്പെട്ടതെന്ന് കരുതുന്ന ബ്രിഗേഡിയര്‍ റാങ്കുള്ള ഉദ്യോഗസ്ഥനെ മാറ്റി. രാഷ്ട്രീയ റൈഫിള്‍സിലെ മറ്റ് മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തു. കുറ്റാരോപിതരായ സൈനികർക്കെതിരെ സേനാ തലത്തിലുള്ള ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.
Also Read:ജമ്മു കശ്‌മീരിലെ കസ്റ്റഡി മരണം, കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വാഗ്‌ദാനം ചെയ്‌ത നഷ്‌ടപരിഹാരം അപര്യാപ്‌തം; സിപിഎം
വാങ്ക് വിളിക്കുന്നതിനിടെ കൊല:ഇന്നലെ (ഞായർ) രാവിലെകശ്‌മീര്‍ താഴ്‌വരയിലെ ബാരാമുള്ളയില്‍ വിരമിച്ച പൊലീസുകാരനെ ഭീകരര്‍ വെടിവച്ച് കൊന്നിരുന്നു. മുഹമ്മദ് ഷാഫി മിര്‍ എന്ന മുന്‍ എസ്‌പിയാണ് കൊല്ലപ്പെട്ടത്. ബാരാമുള്ള ജില്ലയിലെ ഗാണ്ട്മുള്ളയിലുള്ള പള്ളിയിൽ വാങ്ക് വിളിക്കുന്നതിനിടെയാണ് അദ്ദേഹത്തെ കൊന്നത്. വിരമിച്ച ശേഷം ഇദ്ദേഹം അഞ്ച് നേരവും പള്ളിയില്‍ പോകുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. പതിവു പോലെ പുലര്‍ച്ചെ പള്ളിയില്‍ വാങ്ക് വിളിക്കുമ്പോഴാണ് ഭീകരര്‍ ഇദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്.