ന്യൂഡല്‍ഹി:ഇന്ത്യന്‍ സൈന്യത്തിന്‍റെയും സര്‍ക്കാരിന്‍റെയും നിരന്തര പരിശ്രമം മൂലം മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാനായെന്ന് കരസേന മേധാവി മനോജ് പാണ്ഡെ. പ്രദേശിക വിമത ഗ്രൂപ്പുകളുമായി നടത്തിയ സമാധാന ചര്‍ച്ചകള്‍ ഏറെ ഫലപ്രദമായെന്നും ഇത് മൂലം വടക്ക് കിഴക്കന്‍ മേഖലകളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കരസേന ദിന പരേഡില്‍ സംസാരിക്കുകയായിരുന്നു മനോജ് പാണ്ഡെ.
മണിപ്പൂരില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതില്‍ സൈന്യം വിജയിച്ചു. ഇത് കൂടാതെ മേഖലയില്‍ നേരത്തെയുണ്ടായിരുന്ന ക്രമസമാധാനം നിലവില്‍ വരാനായി ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്‌മീരില്‍ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി പല മേഖലകളിലും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചിട്ടുണ്ട് (Army Chief General Manoj Pande).
അതിര്‍ത്തിയിലെ സുരക്ഷ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ച് രജൗരി മേഖലകളില്‍ തീവ്രവാദി സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ സൈന്യം സജ്ജമാണെന്നും മനോജ് പാണ്ഡെ പറഞ്ഞു. നിയന്ത്രണ മേഖലയില്‍ (എല്‍ഒസി) വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഏതാനും ചില നുഴഞ്ഞ് കയറ്റ ശ്രമങ്ങളില്‍ നിന്നും അതിര്‍ക്കപ്പുറത്ത് ഇപ്പോഴും തീവ്രവാദ ശ്രമങ്ങള്‍ തുടരുകയാണെന്നാണ് മനസിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു (Terror Activities In Kashmir).