കേരളം

kerala

ETV Bharat / bharat

'സോപ്പ് പാത്രവും ബെഡ്ഷീറ്റും മോഷ്‌ടിച്ചു'; അർജുന അവാർഡ് ജേതാവായ വനിത ഗുസ്‌തി താരത്തിനും ഭര്‍ത്താവിനുമെതിരെ പരാതി - ദിവ്യ കാക്രനെതിരെ മോഷണ കേസ്

വനിത ഗുസ്‌തി താരം ദിവ്യ കാക്രനും ഭർത്താവിനുമെതിരെയാണ് ഉത്തര്‍പ്രദേശ് മീററ്റിലെ ഭൂവുടമ പൊലീസില്‍ പരാതി നല്‍കിയത്

Etv Bharat
Etv Bharat

By

Published : Jun 30, 2023, 10:59 PM IST

മീററ്റ് :ഉത്തര്‍പ്രദേശ് മീററ്റിലെ ഒരു ഭൂവുടമയുടെ വീട്ടിൽ നിന്ന് സാധനങ്ങള്‍ മോഷ്‌ട്ടിച്ചുവെന്ന പരാതിയില്‍ അർജുന അവാർഡ് ജേതാവായ വനിത ഗുസ്‌തി താരം ദിവ്യ കാക്രനും ഭർത്താവ് സച്ചിന്‍ പ്രതാപ് സിങ്ങിനുമെതിരെ പൊലീസ് കേസെടുത്തു. ഭൂവുടമയുടെ വീട്ടില്‍ നിന്നും സോപ്പ് പാത്രം, ബെഡ്ഷീറ്റ്, എസി റിമോട്ട്, മറ്റ് സാധനങ്ങള്‍ എന്നിവ മോഷ്‌ട്ടിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ച് മീററ്റ് സ്വദേശിയായ ഭൂവുടമയുടെ ഭാര്യ ബബിത പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയിലാണ് കേസ്.

വിഷയം അന്വേഷിച്ചുവരികയാണെന്നും ശനിയാഴ്‌ച (ജൂലൈ ഒന്ന്) ദമ്പതികളെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മീററ്റിലെ നൗചണ്ടി പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ശാസ്‌ത്രി നഗറിലെ ബസേര അപ്പാർട്ട്‌മെന്‍റിലാണ് വാടകയ്‌ക്ക് ദിവ്യയും ദേശീയ ബോഡി ബിൽഡറായ ഭർത്താവ് സച്ചിൻ പ്രതാപ് സിങ്ങും താമസിച്ചിരുന്നത്. 15,000 രൂപ വാടക നൽകുകയും ജൂൺ 15ന് ഉടമയായ ഹർഷിത്തിന് താക്കോൽ കൈമാറുകയും ചെയ്‌ത് ദമ്പതികൾ തിടുക്കത്തില്‍ വീടൊഴിഞ്ഞെന്നും പരാതിക്കാരിയായ ബബിത പറയുന്നു.

അതേസമയം, കൃത്യമായ വിവരം നൽകിയ ശേഷമാണ് തങ്ങൾ അപ്പാര്‍ട്ട്‌മെന്‍റ് ഒഴിഞ്ഞതെന്ന് ആരോപണ വിധേയരായ ദമ്പതികള്‍ പറയുന്നത്. 'ഞങ്ങളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് റീഫണ്ട് ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ ചോദിച്ചിരുന്നു. എന്നാല്‍, വൈദ്യുതി ബില്ലും മറ്റ് പലതും അടയ്‌ക്കാനുണ്ടെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്'- ഗുസ്‌തി താരം ദിവ്യ കാക്രന്‍ പറഞ്ഞു. തങ്ങളെ അപകീർത്തിപ്പെടുത്താനാണ് ഈ ആരോപണമെന്ന് സച്ചിൻ പറയുന്നു. സോപ്പ് പാത്രവും ബെഡ്ഷീറ്റും മറ്റ് ചില വസ്‌തുക്കളും വീട്ടുജോലിക്കാരിക്ക് നൽകിയിരുന്നു. ചില സാധനങ്ങൾ പഴകിയതുകൊണ്ട് അത് ഒഴിവാക്കി പുതിയത് മാത്രമാണ് തങ്ങള്‍ കൊണ്ടുപോയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുന്നതിന് പകരം തങ്ങളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ കേസുമായി ബന്ധപ്പെട്ട് നാളെ ഇൻസ്‌പെക്‌ടറെ കാണുമെന്ന് സച്ചിൻ പറഞ്ഞു. ദിവ്യയ്ക്കും ഭർത്താവിനുമെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് നൗചണ്ടി പൊലീസ് സ്റ്റേഷൻ ഇൻചാർജ് പറഞ്ഞു. 'പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ദമ്പതികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്' - അദ്ദേഹം പറഞ്ഞു.

ബ്രിജ് ഭൂഷണെ പിന്തുണച്ച് ദിവ്യ :ഡബ്ല്യുഎഫ്‌ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായി വനിത ഗുസ്‌തി താരങ്ങള്‍ ലൈംഗിക പീഡന പരാതി ഉന്നയിച്ചപ്പോള്‍ ദിവ്യ കാക്രന്‍ ഇയാളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ആദ്യമായി താരങ്ങള്‍ ഗുസ്‌തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ദിവസങ്ങളോളം നീണ്ട സമരത്തെ തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ്‌ താക്കൂറെത്തി താരങ്ങളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന്, വിഷയത്തില്‍ ഉടനടി പരിഹാരം കാണുമെന്ന മന്ത്രിയുടെ ഉറപ്പിന്‍മേല്‍ താരങ്ങള്‍ താത്‌കാലികമായി സമരം അവസാനിപ്പിച്ചിരുന്നു.

ALSO READ |ബ്രിജ് ഭൂഷണെതിരായ ലൈംഗിക പീഡന പരാതി : മൂന്ന് രാജ്യങ്ങളുടെ സഹായം തേടി ഡല്‍ഹി പൊലീസ്

ABOUT THE AUTHOR

...view details