അരിയാലൂര്‍ (തമിഴ്‌നാട്):അരിയലൂര്‍ (Ariyalur) ജില്ലയിലെ കീഴപ്പാളൂരിനടുത്തുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തില്‍ (Explosion On Firecracker Factory) ഒമ്പത് മരണം. ദീപാവലി ആഘോഷം (Diwali Celebration) അടുക്കാനിരിക്കെയാണ് ഒമ്പത് ജീവനുകള്‍ പൊലിച്ച അപകടമുണ്ടായത്. രാജേന്ദ്രന്‍ എന്നയാളുടെ കീഴപ്പാളൂരിലെ വെട്രിയൂരിലുള്ള പടക്കനിര്‍മാണശാലയിലാണ് അപകടമുണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നുവീണു. മാത്രമല്ല അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് സ്‌ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ നിരവധി പേരെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണശാലയില്‍ അപകടമുണ്ടായെന്ന വിവരം ലഭിച്ചതോടെ അരിയലൂര്‍ ജില്ല കലക്‌ടര്‍, ട്രിച്ചി സോൺ ഡിഐജി പഗലവൻ, ജില്ല പൊലീസ് മേധാവി ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മാത്രമല്ല സ്‌ഫോടനത്തിനിടയാക്കിയ കാരണം കണ്ടെത്തുന്നതിനായി ഇവര്‍ വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പടക്കശാലയുടെ ഉടമയ്‌ക്കും മരുമകനും പങ്കുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
അനുശോചനവുമായി എംകെ സ്‌റ്റാലിന്‍:പടക്ക നിര്‍മാണശാലയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അനുശോചനം അറിയിച്ചു. ഇന്ന് (09.10.2023) അരിയലൂര്‍ ജില്ലയിലെ വെതിയൂർ മഥുരയിലുള്ള വീരകലൂർ വില്ലേജില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിൽ അപ്രതീക്ഷിതമായുണ്ടായ തീപിടിത്തത്തിൽ ഒമ്പത് പേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്ന ദുഃഖവാർത്ത കേട്ടതില്‍ അതിയായ ദുഃഖമുണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.