ന്യൂഡല്‍ഹി:രാജ്യവ്യാപകമായി പിഎഫ്‌ഐക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ച നടപടിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വാഗതം ചെയ്‌തു. തന്നില്‍ അര്‍പ്പിതമായ ഭരണഘടന ചുമതലയായിരിക്കും പിഎഫ്‌ഐക്കെതിരെയുള്ള നടപടിയുടെ വിഷയത്തില്‍ നിര്‍വഹിക്കുകയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഈ അടുത്ത കാലത്ത് വരെ പിഎഫ്‌ഐക്കെതിരായി കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നില്ല എന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പിഎഫ്‌ഐ കേരളത്തില്‍ വളരെ സജീവമാണ്. പ്രവാചകനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടി ജെ ജോസഫിന്‍റെ കൈപ്പത്തി പിഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടി മാറ്റിയ സംഭവവും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മ്മപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ സമാഹരിച്ച സബ് കാ സാത്ത് 'സബ് കാ വികാസ് സബ് കാ വിശ്വാസ്' എന്ന പുസ്‌ത പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹി എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്ര വിവരസാങ്കേതിക പ്രക്ഷേപണ മന്ത്രാലയമാണ് ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്.
രാജ്യത്തിന്‍റെ സമഗ്ര വികസനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരിഫ് മുഹമ്മദ് ഖാന്‍ പ്രശംസിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനം നരേന്ദ്ര മോദി ഉറപ്പുവരുത്തി. ആ വികസനം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുത്തലാഖ് നിരോധിക്കാനുള്ള നിയമം കൊണ്ടുവന്നത് നരേന്ദ്ര മോദിയുടെ ധീരമായ തീരുമാനമായിരുന്നുവെന്നും കേരള ഗവര്‍ണര്‍ പറഞ്ഞു.
കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ മുത്തലാഖിനെതിരായ നിയമത്തിന്‍റെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മനസിലാവും. സ്ത്രീകളേയും, അരിക്‌വല്‍ക്കരിക്കപ്പെട്ടവരേയും, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരേയും ശാക്‌തീകരിക്കുന്ന കാര്യത്തിലും നരേന്ദ്ര മോദി എടുക്കുന്നത് ധീരമായ തീരുമാനങ്ങളാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
പുതിയ ഇന്ത്യയ്‌ക്കായി പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന വീക്ഷണമാണ് പുസ്‌തകത്തില്‍ ഉള്ളതെന്ന് മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. എല്ലാവരേയും വിശ്വാസത്തിലെടുത്ത് കൊണ്ട് എല്ലാവരുടേയും പങ്കാളിത്തത്തോടെയുള്ള എല്ലാവരുടേയും വികസനമെന്ന തത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 2019-20 കാലയളവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തും പുറത്തും നടത്തിയ 86 പ്രസംഗങ്ങളുടെ സമാഹാരമാണ് 'സബ്‌കാ സാത്ത് സബ് കാ വികാസ് സബ്‌കാ വിശ്വാസ് എന്ന പുസ്‌തകം'.