ബെംഗളൂരു: ഹിന്ദിയില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ട യാത്രക്കാരിയായ സ്‌ത്രീയോട് ക്ഷുഭിതനായി ഓട്ടോ ഡ്രൈവർ. ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. സ്‌ത്രീയോട് തര്‍ക്കിക്കുന്ന ഓട്ടോ ഡ്രൈവറുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
ഓട്ടോയില്‍ കയറിയ സ്‌ത്രീ, ഡ്രൈവറോട് ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ അദ്ദേഹം തന്‍റെ മാതൃഭാഷ കന്നഡയാണെന്നും താന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം എന്നും യുവതിയോട് ചോദിച്ചു. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ തര്‍ക്കം ആയത്.
തനിക്ക് കന്നഡ അറിയില്ലെന്ന് പറഞ്ഞ് യുവതി ഓട്ടോ ഡ്രൈവറെ എതിര്‍ത്തു. 'ഇത് കര്‍ണാടകയാണ്. കര്‍ണാടകയാണ് ഞങ്ങളുടെ നാട്. നിങ്ങള്‍ കന്നഡയില്‍ സംസാരിക്കൂ. ഞാന്‍ എന്തിന് ഹിന്ദിയില്‍ സംസാരിക്കണം' -ഇതായിരുന്നു ഡ്രൈവറുടെ മറുപടി.
ഓട്ടോറിക്ഷയില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരനാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.
ഹിന്ദി ദേശീയ ഭാഷയോ? കിച്ച സുദീപ്-അജയ് ദേവ്‌ഗണ്‍ തര്‍ക്കം: നേരത്തെ ഹിന്ദി-കന്നഡ ഭാഷ തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് വാര്‍ത്തകളില്‍ ഇടം പിടിച്ച രണ്ട് പേരായിരുന്നു തെന്നിന്ത്യന്‍ സിനിമ താരം കിച്ച സുദീപും ബോളിവുഡ് താരം അജയ് ദേവ്‌ഗണും. ഹിന്ദി നമ്മുടെ ദേശീയ ഭാഷയല്ലെന്ന് കന്നഡയിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കിച്ച സുദീപ് പ്രസ്‌താവന നടത്തിയിരുന്നു. നിലവിലെ പാന്‍ ഇന്ത്യന്‍ സിനിമകള്‍ കണക്കിലെടുത്താല്‍ ഹിന്ദിയെ ദേശീയ ഭാഷയെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു എന്നാണ് കിച്ച സുദീപ് പ്രതികരിച്ചത്.
എന്നാല്‍ സുദീപിന്‍റെ പരാമര്‍ശത്തിന് പ്രതികരണവുമായി ബോളിവുഡ് താരം അജയ് ദേവ്‌ഗണ്‍ രംഗത്ത് വന്നതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. ഹിന്ദി എല്ലാ കാലത്തും നമ്മുടെ മാതൃഭാഷയും ദേശീയ ഭാഷയും ആയിരിക്കും എന്നായിരുന്നു അജയ് ദേവ്‌ഗണ്‍ കിച്ച സുദീപിന് നല്‍കിയ മറുപടി.
ഹിന്ദിക്ക് പ്രാധാന്യമില്ലെങ്കില്‍ കന്നഡ സിനിമകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റുന്നത് എന്തിനാണെന്നും അജയ് ദേവ്‌ഗണ്‍ ചോദ്യം ഉന്നയിച്ചു. പിന്നാലെ മറുപടിയുമായി കിച്ച സുദീപും രംഗത്തു വന്നു. അജയ് ദേവ്‌ഗണ്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്‌തത് തനിക്ക് മനസിലായി എന്നും കാരണം തങ്ങള്‍ ഹിന്ദിയെ ഒരു ഭാഷ എന്ന നിലയില്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും പഠിക്കുകയും ചെയ്‌തതാണെന്നും ട്വീറ്റിന് കന്നഡയില്‍ മറുപടി നല്‍കിയാല്‍ എങ്ങനെയിരിക്കുമെന്നും സുദീപ് ചോദിച്ചു. ഞങ്ങളും ഇന്ത്യയില്‍ തന്നെയല്ലേ എന്നും അദ്ദേഹം കുറിച്ചിരുന്നു.
തുടര്‍ന്ന് പലരും താരങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഏറ്റുപിടിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തു വന്നു. എച്ച് ഡി കുമാരസ്വാമി അടക്കുള്ള കര്‍ണാടക നേതാക്കള്‍ കിച്ച സുദീപിന് പിന്തുണയുമായി എത്തി. കിച്ച സുദീപ് പറഞ്ഞത് തെറ്റായി കാണേണ്ടതില്ലെന്നും രാജ്യത്തെ നിരവധി പ്രാദേശിക ഭാഷകളില്‍ ഒരെണ്ണം മാത്രമാണ് ഹിന്ദി എന്നും കൂടുതല്‍ പേര്‍ സംസാരിക്കുന്നതു കൊണ്ട് ഹിന്ദി ദേശീയ ഭാഷ ആകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു. അതേസമയം ഹിന്ദിയെ ദേശീയ ഭാഷയാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.