ഹൈദരാബാദ്: നടനും നിര്‍മാതാവുമായ അര്‍ബാസ് ഖാന്‍റെയും മുന്‍ ഭാര്യ മലൈക അറോറയുടെയും മകനായ അര്‍ഹാന്‍ ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. നിലവില്‍ യുഎസില്‍ ചലച്ചിത്ര നിര്‍മാണം പഠിക്കുന്ന അര്‍ഹാന്‍, അച്ഛന്‍ അര്‍ബാസ് ഖാന്‍റെ അടുത്ത പ്രൊജക്‌ടില്‍ ചേരുമെന്നാണ് വിവരം. ബോളിവുഡ് രംഗത്ത് പ്രവര്‍ത്തിക്കാന്‍ അര്‍ഹാന് താത്‌പര്യമുണ്ടെന്ന വാര്‍ത്തയെ അര്‍ബാസ് ഖാന്‍ ശരിവച്ചു.
ഖാന്‍ കുടുംബത്തില്‍ നിന്നൊരാള്‍ സിനിമയില്‍ പ്രവേശിക്കുന്നത് ഇതാദ്യമായല്ല. എന്നാല്‍, കരണ്‍ ജോഹറിന്‍റെ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന സിനിമയില്‍ മകന്‍ 20-30 ദിവസം വരെ നീണ്ടുനിന്ന പരിശീലനം പൂര്‍ത്തിയാക്കിയെന്ന് അര്‍ബാസ് പറഞ്ഞു. സിനിമ നിര്‍മാണത്തിന്‍റെ പ്രാക്‌ടിക്കല്‍ വശത്തെക്കുറിച്ച് പഠിക്കാനും മകന് അതിയായ ആഗ്രഹമുണ്ടെന്ന് അര്‍ബാസ് വ്യക്തമാക്കി.
അര്‍ബാസ് ഖാന്‍ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന സിനിമയായ 'പട്‌ന ശുക്ലയിലും' മകന്‍ തന്നോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ഇത് പ്രാക്‌ടിക്കല്‍ പഠനത്തിന്‍റെ ഭാഗമാണെന്നും നടനും ദബാംഗ് സിനിമയുടെ സംവിധായകനുമായ അര്‍ബാസ് അറിയിച്ചു. ഐലാന്‍റ് ഫിലിം സ്‌കൂളില്‍ ചലച്ചിത്ര പഠനത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഹാന്‍. 'അവിടെ അവന്‍ ആസ്വദിച്ചാണ് പഠിക്കുന്നത്. സുരക്ഷിതമായ അന്തരീക്ഷത്തില്‍ വളര്‍ന്നു കഴിഞ്ഞ് പെട്ടെന്നൊരു ദിവസം വിദേശപഠനത്തിന് അര്‍ഹാനെ അയക്കുന്നതില്‍ എനിക്ക് വിഷമമുണ്ടായിരുന്നുവെന്ന്' അര്‍ബാസ് പറഞ്ഞു.
'എന്നാല്‍, അവന്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ വളരെ സന്തോഷവാനാണ്. സുഹൃത്തുക്കളെ ഒരുമിച്ച് ചേര്‍ക്കുന്നതിലും സിനിമയെക്കുറിച്ച് പഠിക്കുന്നതിലും സ്വാതന്ത്ര്യത്തോടെ കഴിയുന്നതിലും അവന്‍ വളരെയധികം ഉത്സാഹവാനാണ്. അവനെക്കുറിച്ചോര്‍ത്ത് എനിക്ക് വളരെയധികം അഭിമാനമാണ്', അര്‍ബാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു
19 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2017ലാണ് മലൈകയും അര്‍ബാസും വേര്‍പിരിഞ്ഞത്. 2002ലാണ് അര്‍ഹാന്‍ ജനിക്കുന്നത്.