ന്യൂഡല്‍ഹി: തെക്ക് കിഴക്കന്‍ മേഖലയിലെ താഴ്ന്ന മർദ്ദമുള്ള പ്രദേശത്തും അറബിക്കടലിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ മേഖലയിലുമുള്ള ന്യൂനമര്‍ദ്ദം വികസിച്ച് ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (India Meteorological Department). ഇവിടങ്ങളിലുള്ള ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ശനിയാഴ്‌ച (ഒക്‌ടോബര്‍ 21) രാവിലെ മുതല്‍ ചുഴലിക്കാറ്റായി (Cyclonic Storm) മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതേസമയം ഈ വര്‍ഷം ഇതുവരെ അറബിക്കടലില്‍ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റിന് പേരിടുന്ന സമവാക്യം വച്ച് നാളെയെത്തുന്ന ചുഴലിക്കാറ്റിന് തേജ് എന്നാണ് പേരിട്ടിരിക്കുന്നത്. മറ്റന്നാളത്തോടെ (22.10.2023) ചുഴലിക്കാറ്റ് ശക്തിപ്പെടുമെന്നും തുടര്‍ന്ന് ഒമാന്‍റെ തെക്കന്‍ തീരങ്ങളിലേക്കും അതിനോട് ചേര്‍ന്നുള്ള യെമനിലേക്കും നീങ്ങുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ജൂണിൽ അറബിക്കടലിൽ രൂപംകൊണ്ട ബിപർജോയ് ചുഴലിക്കാറ്റിന്‍റെ കാര്യത്തിൽ കണ്ടതുപോലെ, ചില സമയങ്ങളിൽ കൊടുങ്കാറ്റ് പ്രവചിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്നും തീവ്രതയിൽ നിന്നും വ്യതിചലിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം മണിക്കൂറിൽ 62 മുതല്‍ 88 കിലോമീറ്റർ വേഗതയിൽ ശക്തമായി വീശുന്ന കാറ്റിനെയാണ് ചുഴലിക്കാറ്റായി പരിഗണിക്കുന്നത്. കാറ്റിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 89 മുതല്‍ 117 കിലോമീറ്ററിൽ എത്തുന്നതോടെ അതിനെ ശക്തമായ ചുഴലിക്കാറ്റായാണ് പരിഗണിക്കപ്പെടുക.