ചെന്നൈ :സംഗീത സംവിധായകൻ എആർ റഹ്‌മാന്‍റെ (AR Rahman) ചെന്നൈയിലെ സംഗീത പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം. ഒരു സ്വകാര്യ ഇവന്‍റ് മാനേജ്‌മെന്‍റ് ടീം സംഘടിപ്പിച്ച ഈ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുത്തിട്ടും നിരവധി ആരാധകര്‍ക്ക് പരിപാടിയിലേയ്‌ക്ക് പ്രവേശനം ലഭിച്ചില്ല. ചെന്നൈയിലെ പനയൂരില്‍ വച്ച് ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 10) രാത്രി 7 മണി മുതല്‍ 11 മണിവരെയായിരുന്നു പരിപാടി.
സംഗീത പരിപാടിക്കായി 20,000 സീറ്റുകള്‍ മാത്രമാണ് ഒരുക്കിയിരുന്നതെങ്കിലും, 40,000 ടിക്കറ്റുകള്‍ വിറ്റുപോയി. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് പരിപാടിയിലേയ്‌ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പലര്‍ക്കും ടിക്കറ്റിന് അനുയോജ്യമായ സ്ഥലത്ത് സീറ്റ് കിട്ടാതെ പോയി. ഇതോടെ ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത ആരാധകർ പരിപാടി കാണാനാകാതെ വലഞ്ഞു.
എആര്‍ റഹ്മാന്‍റെ സംഗീത പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനം Also Read:'മാമന്നനി'ലെ ഫഹദ് ഭയപ്പെടുത്തിയെന്ന് എആർ റഹ്മാൻ; സോഷ്യൽ മീഡിയയില്‍ 'ആഘോഷമാണ്' രത്‌നവേൽ
ചിലര്‍ നിരാശരായി മടങ്ങിയപ്പോള്‍ ചിലര്‍ രോക്ഷാകുലരായി. സുരക്ഷ സംവിധാനങ്ങളും മതിയായ ഇരിപ്പിടങ്ങളും ഇല്ലാതെ വളരെ മോശമായി സംഗീത പരിപാടി ഒരുക്കിയത് ആരാധകരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയിലെത്തി.
സംഗീത പരിപാടി നടക്കുന്നിടത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) പങ്കുവച്ചു. ടിക്കറ്റെടുത്തിട്ടും ആയിരക്കണക്കിന് ആളുകൾക്ക് സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ സാധിക്കാത്ത തരത്തിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ അറിയിച്ചിരിക്കുന്നത്. സംഗീതം ആസ്വദിക്കാനെത്തിയ തങ്ങള്‍ക്ക് വളരെ മോശം അനുഭവം നേരിട്ടതായും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
Also Read:'ജിഗു ജിഗു റെയില്‍' പാടി നൃത്തച്ചുവടുകളുമായി എആര്‍ റഹ്‌മാന്‍; പാട്ടില്‍ ഒളിപ്പിച്ച് 'മാമന്നന്‍' ട്രെയിലര്‍ ലോഞ്ച്
എആര്‍ റഹ്മാന്‍റെ സംഗീത പരിപാടി, ചെന്നൈയിലെ ഓള്‍ഡ് മഹാബലിപുരം റോഡിലെ ഗതാഗതത്തെയും ബാധിച്ചതായി ആക്ഷേപമുണ്ട്. സംഗീത പരിപാടിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഓള്‍ഡ് മഹാബലിപുരം റോഡില്‍ വലിയ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറിലധികം പൊതുജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. എന്നാല്‍ ഞായറാഴ്‌ച വൈകുന്നേരം മുതല്‍ ഓള്‍ഡ് മഹാബലിപുരം റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചെന്നൈ ട്രാഫിക് പൊലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം സംഗീത പരിപാടി അലംകോലമായതില്‍ പരിപാടി സംഘടിപ്പിച്ച ഇവന്‍റ് ഓർഗനൈസർ ക്ഷമാപണം നടത്തി. എക്‌സിലൂടെയായിരുന്നു സ്വകാര്യ ഓര്‍ഗനൈസിങ് ഇവന്‍റിന്‍റെ ക്ഷമാപണം. 'ചെന്നൈയ്‌ക്കും ഇതിഹാസമായ എആര്‍ റഹ്മാന്‍ സാറിനും നന്ദി! അവിശ്വസനീയമായ പ്രതികരണം, അതിശക്തമായ ജനക്കൂട്ടം ഞങ്ങളുടെ ഷോ വൻ വിജയമാക്കി. തിരക്ക് കാരണം പങ്കെടുക്കാൻ കഴിയാത്തവരോട് ഞങ്ങൾ ആത്മാർഥമായി മാപ്പ് ചോദിക്കുന്നു. ഞങ്ങള്‍ ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്' -സംഘാടകര്‍ എക്‌സില്‍ കുറിച്ചു. അതേസമയം സംഭവത്തില്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചിട്ടില്ല.
Also Read:മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളുണ്ട്; എആർ റഹ്‌മാന്‍