ഹൈദരാബാദ്:സമയപരിധി ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് ഇടപെട്ട് സംഗീത പരിപാടി നിര്‍ത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രശസ്‌ത സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്‍. പൊലീസ് നടപടിയില്‍ കടുത്ത വിമര്‍ശനങ്ങളിലേക്ക് കടക്കാതെ ആരാധകരില്‍ നിന്ന് ലഭിച്ച സ്‌നേഹത്തിന് നന്ദിയറിയിച്ചുകൊണ്ട് പരിപാടിയുടെ ഒരു ചെറിയ രംഗം പങ്കുവച്ചുകൊണ്ടായിരുന്നു എ.ആര്‍ റഹ്‌മാന്‍റെ മറുപടി. പൂനെയിലെ സംഗീത നിശയ്‌ക്കിടെയുണ്ടായ സംഭവവികാസങ്ങളില്‍ ട്വിറ്ററിലൂടെയായിരുന്നു എ.ആറിന്‍റെ പക്വമായ പ്രതികരണം.
പ്രതിഭ മാത്രമല്ല, പ്രതിഭാസവുമാണ്:നമ്മളെല്ലാവരും തന്നെ ഇന്നലെ വേദിയില്‍ ഒരു 'റോക്ക്‌സ്റ്റാര്‍' നിമിഷത്തിന് സാക്ഷിയായോ? ഞാന്‍ അങ്ങനെ തന്നെ വിശ്വസിക്കുന്നു. പ്രേക്ഷകരുടെ ഗാഢമായ സ്‌നേഹം ഞങ്ങളെ കീഴടക്കി, അതിന് കൂടുതല്‍ തിരികെ നല്‍കാനും ഞങ്ങള്‍ ആഗ്രഹിച്ചു. അത്തരമൊരു പ്രത്യേക സായാഹ്നത്തിന് പൂനെയ്‌ക്ക് ഒരിക്കല്‍ കൂടി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ റോളര്‍ കോസ്‌റ്റര്‍ അനുഭവത്തില്‍ നിന്നും ഒരു ചെറിയ ഭാഗം ഇതാ എന്നറിയിച്ചാണ് എ.ആര്‍ തന്‍റെ ട്വീറ്റ് അവസാനിപ്പിച്ചത്.
എആറിന് കയ്യടി:വിഷയത്തില്‍ എ.ആര്‍ റഹ്‌മാന്‍റെ മറുപടി എത്തിയതോടെ അദ്ദേഹം സമീപിച്ച രീതിയെ പുകഴ്‌ത്തി കമന്‍റ് ബോക്‌സ് നിറഞ്ഞു. എആര്‍ റഹ്‌മാന്‍ ആ സാഹചര്യം കൈകാര്യം ചെയ്‌ത രീതി വളരെ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹത്തില്‍ നിന്ന് വളരെയധികം പഠിക്കാനുണ്ടെന്നുമായിരുന്നു കമന്‍റുകളില്‍ ഏറെയും. ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട റോക്ക്‌സ്‌റ്റാറിന്‍റെ പ്രതികരണം സ്‌തുത്യാര്‍ഹമാണെന്നുള്ള കമന്‍റുകളും നിറഞ്ഞു.
സംഭവം ഇങ്ങനെ:കഴിഞ്ഞദിവസം പൂനെയിലെ സ്‌റ്റേജ് ഷോയ്‌ക്കിടെയാണ് എആര്‍ റഹ്‌മാനും സംഘത്തിനും മോശം അനുഭവം നേരിടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ഷോ തുടര്‍ന്നതോടെ പൊലീസ് ഇടപെടുകയായിരുന്നു. മാത്രമല്ല പൊലീസ് വേദിയിലെത്തി പരിപാടി തടയുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വൈകുന്നേരം നാല് മണി മുതല്‍ രാത്രി 10 മണി വരെയായിരുന്നു പരിപാടിയ്‌ക്കായി ക്രമീകരിച്ചിരുന്ന സമയമെന്നും എന്നാല്‍, രാത്രി 10 മണിയ്‌ക്ക് ശേഷവും പരിപാടി തുടര്‍ന്നതിനാലാണ് ഇടപെട്ടതെന്നുമായിരുന്നു പൊലീസിന്‍റെ വിശദീകരണം. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് എ.ആര്‍ റഹ്‌മാന്‍ പരിപാടി അവസാനിപ്പിച്ച് വേദിവിട്ട് ഇറങ്ങിപ്പോയിരുന്നു.
വിമര്‍ശനങ്ങളും പ്രതിരോധങ്ങളും:എന്നാല്‍ പൊലീസിന്‍റെ നടപടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഓസ്‌കര്‍ ജേതാവും പ്രശസ്‌ത സംഗീതജ്ഞനുമായ മഹത് വ്യക്തിയെ പൊലീസ് അപമാനിക്കുകയാണുണ്ടായെന്നറിയിച്ച് സമൂഹമാധ്യമങ്ങളിലും പ്രതിഷേധം അലയടിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഡിസ്‌റെസ്‌പെക്‌റ്റ് ഓഫ് എആര്‍ റഹ്‌മാന്‍ എന്ന ഹാഷ്‌ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങുമായിരുന്നു. ഞങ്ങള്‍ എആറിനൊപ്പമാണെന്നും മഹാരാഷ്‌ട്ര സര്‍ക്കാരിനോട് പുച്ഛം തോന്നുന്നുവെന്നുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതേസമയം പൊലീസ് തങ്ങളുടെ ഡ്യൂട്ടിയാണ് ചെയ്‌തതെന്നറിയിച്ച് മറ്റൊരു കൂട്ടം ആളുകളും രംഗത്തിയിരുന്നു. എന്നാല്‍ ഇവയെ എല്ലാം തന്‍റെ 'ലളിതമായ മറുപടി'യിലൂടെ അവസാനിപ്പിച്ച് വേദിയ്ക്ക് പുറത്തും കയ്യടി നേടുകയാണ് എ.ആര്‍ റഹ്‌മാന്‍.
Also Read: VIDEO| സമയപരിധി കഴിഞ്ഞിട്ടും പരിപാടി തുടര്‍ന്നു; എ ആര്‍ റഹ്മാന്‍റെ ഷോ തടഞ്ഞ് പൊലീസ്