ന്യൂഡൽഹി:സ്‌പുട്‌നിക് വി ഉപയോഗിച്ച് കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാം നടത്താന്‍ തയ്യാറെടുക്കുന്നതായി അപ്പോളോ ആശുപത്രി അധികൃതരും ഡോ. റെഡ്ഡീസ് ലബോറട്ടറി അധികൃതരും അറിയിച്ചു. പരിപാടിയുടെ ആദ്യ ഘട്ടം ഹൈദരാബാദിലും വിശാഖപട്ടണത്തും നടത്തുമെന്നും അവര്‍ വ്യക്തമാക്കി. സ്‌പുട്‌നിക് വി വാക്‌സിന്‍റെ ഉപയോഗത്തിലൂടെ കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കാന്‍ കഴിയുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഡിവിഷൻ പ്രസിഡന്‍റ് കെ ഹരി പ്രസാദ് പ്രസ്താവനയിൽ പറഞ്ഞു. അപ്പോളോ ഹോസ്പിറ്റലുകൾ, അപ്പോളോ സ്പെക്ട്ര ആശുപത്രികൾ, അപ്പോളോ ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം 60 സ്ഥലങ്ങളിലായാണ് കൊവിഡ് വാക്സിൻ നൽകുന്നതെന്നും പ്രസാദ് പറഞ്ഞു.
റഷ്യയുടെ കൊവിഡ് വാക്സിനായ സ്‌പുട്‌നിക് വി അടുത്ത 12 മാസത്തിനുള്ളിൽ ഇന്ത്യയിലെ 125 ദശലക്ഷം പേരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡോ. റെഡ്ഡീസ് ലാബ്സ് അറിയിച്ചു. വാക്സിൻ വിതരണത്തിനായി രണ്ട് സംസ്ഥാനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഡോ. റെഡ്ഡീസ് ലാബ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് എം.വി. രമണ പറഞ്ഞു. ഹൈദരാബാദിനും വിശാഖപട്ടണത്തിനും ശേഷം ഡല്‍ഹി, മുംബൈ, ബെംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പൂനെ എന്നിവിടങ്ങളിലേക്കും വാക്സിനേഷന്‍ പ്രോഗ്രാം വ്യാപിപ്പിക്കും.