കുൽഗാം: ജമ്മു കശ്മീരിൽ അപ്‌നി പാർട്ടി (ജെകെഎപി) നേതാവിനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു സംഭവം. കുൽഗാമിലെ ദേവ്‌സർ പ്രദേശവാസിയായ ജെകെഎപി നേതാവ് ഗുലാം ഹസ്സൻ ലോണാണ് അജ്ഞാതരായ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മൂന്നാമത്തെ നേതാവാണ് കൊല്ലപ്പെടുന്നത്.
ദിവസങ്ങൾക്ക് മുമ്പ് കുൽഗാം ജില്ലയിൽ തന്നെ ഒരു ബിജെപി നേതാവിനെ ഭീകരർ വധിച്ചിരുന്നു. ജില്ലയിലെ ബ്രസലൂ പ്രദേശത്താണ് വീടിന് പുറത്ത് വെച്ച് തീവ്രവാദികൾ ഹോംഷാലിബഗ് നിയോജകമണ്ഡലം ബിജെപി അധ്യക്ഷൻ ജാവിദ് അഹമ്മദ് ദറിനെ വധിച്ചത്.
ആഗസ്റ്റ് ഒമ്പതിന് റെഡ്വാനി മേഖലയിൽ നിന്നുള്ള ബിജെപി സർപഞ്ച് ഗുലാം റസൂൽ ദാറും ഭാര്യയും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. രജൗരി ജില്ലയിലെ ബിജെപി നേതാവ് ജസ്ബീർ സിംഗിന്‍റെ വീട്ടിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ ഗ്രനേഡ് പ്രയോഗിച്ച് ഒരു കുട്ടിയെ കൊലപ്പെടുത്തിയിരുന്നു.
Also read: വാർത്ത നൽകിയതിന്‍റെ പേരിൽ ഇടിവി ഭാരത് പ്രതിനിധിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അക്രമിസംഘം