അമരാവതി :മുൻ ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ വൈഎസ്ആർ കോൺഗ്രസ് എംഎൽസി അനന്ത സത്യ ഉദയ് ഭാസ്‌കർ അറസ്റ്റിൽ. മെയ് 19നാണ് ഇയാൾ മുൻ ഡ്രൈവർ വി സുബ്രഹ്മണ്യത്തെ മർദിച്ച് കൊലപ്പെടുത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചത്. പിന്നാലെ വാഹനാപകടമായി വരുത്തി തീർക്കാൻ ഉദയ് ഭാസ്‌കർ ശ്രമിച്ചെങ്കിലും പൊലീസ് നടത്തിയ അന്വേഷണത്തിൽ കേസിന്‍റെ ചുരുളഴിയുകയായിരുന്നു.
മേയ് 19ന് രാത്രി ഭാസ്‌കറിന്‍റെ അപ്പാർട്ട്‌മെന്‍റ് കോംപ്ലക്‌സിന് സമീപമാണ് ഇരുവരും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടത്. തർക്കത്തിനിടെ ഭാസ്‌കർ സുബ്രഹ്മണ്യത്തെ ഇടിക്കുകയും പിടിച്ച് തള്ളുകയും ചെയ്‌തു. എന്നാൽ മദ്യപിച്ച നിലയിലായിരുന്ന സുബ്രഹ്മണ്യം ഇരുമ്പ് ഗ്രില്ലിൽ തലയിടിച്ച് വീണു. പിന്നാലെ ഉദയ് ഭാസ്‌കർ ഇയാളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രദേശത്തെ ആശുപത്രികളിൽ ഡോക്‌ടർമാരുടെ സേവനം ലഭ്യമായിരുന്നില്ല.