അമരാവതി:അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി (TDP) നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം (Interim Bail To Chandrababu Naidu). നാല് ആഴ്‌ചത്തെ ഇടക്കാല ജാമ്യമാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതി (Andhra Pradesh High Court) ചന്ദ്രബാബു നായിഡുവിന് അനുവദിച്ചിരിക്കുന്നത്. 2021ല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത സ്‌കില്‍ ഡെവലപ്മെന്‍റ് കേസില്‍ (Skill Development Case) കഴിഞ്ഞ സെപ്‌റ്റംബര്‍ 9നാണ് ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. നിലവില്‍ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലിലാണ് (Rajamahendravaram Central Prison) അദ്ദേഹം.
നാടകീയ നീക്കങ്ങള്‍ക്കൊടുവിലായിരുന്നു കേസില്‍ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റ്. സെപ്‌റ്റംബര്‍ 9ന് പുലര്‍ച്ചയോടെയാണ് നന്ദ്യാല്‍ പൊലീസ് ടിഡിപി അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബുവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റും ചേര്‍ന്നായിരുന്നു അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണ സംഘം എത്തിയ സമയത്ത് ആര്‍കെ ഹാളിന് പുറത്ത് തന്‍റെ കാരവാനില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധവുമുണ്ടായി. കേസില്‍ ആദ്യം പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറില്‍ ചന്ദ്രബാബു നായിഡുവിന്‍റെ പേരില്ലെന്നും അതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകര്‍ വാദിച്ചെങ്കിലും അറസ്റ്റില്‍ നിന്നും പിന്നിലേക്ക് പോകാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല. തുടര്‍ന്ന് വിജയവാഡയില്‍ നിന്നും അദ്ദേഹത്തെ രാജമഹേന്ദ്രവാരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.