അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ (YS Jagan Mohan Reddy) ഹെലികോപ്‌റ്റര്‍ യാത്ര വിവാദത്തില്‍. 20 കിലോ മീറ്ററില്‍ താഴെ ദൂരമുള്ള സ്ഥലങ്ങളിലേക്ക് എത്താന്‍ പോലും മുഖ്യമന്ത്രി ഹെലികോപ്‌റ്റര്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ആകാശമാര്‍ഗം മുഖ്യമന്ത്രി സഞ്ചരിക്കുമ്പോഴും റോഡുകളില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുവെന്നും പരാതി ഉയരുന്നുണ്ട്.
അടുത്തിടെ അമരാവതിയില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്കുള്ള വീടുകളുടെ വിതരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഹെലികോപ്‌റ്ററിലായിരുന്നു എത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ തന്‍റെ ഔദ്യോഗിക വസതിയില്‍ നിന്ന് 15 കിലോ മീറ്റര്‍ ദൂരം മാത്രമുള്ള സ്ഥലത്തേക്ക് എത്താന്‍ ആകാശമാര്‍ഗമായിരുന്നു അദ്ദേഹം തെരഞ്ഞെടുത്തത്. ഇത് അന്ന് വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
നിയന്ത്രണങ്ങള്‍ ഇങ്ങനെ :മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി എത്തുന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസ് പലപ്പോഴും ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ പൊലീസ് ആ സ്ഥലത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കും. തുടര്‍ന്ന്, സാധാരണക്കാരെ ഉള്‍പ്പടെ താമസ സ്ഥലത്തുനിന്നും മറ്റിടങ്ങളിലേക്ക് മാറ്റും.