ഹൈദരാബാദ്:ലോകമെമ്പാടും ഉത്‌പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ മൂന്നിലൊരു ഭാഗം ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണെന്നും 2000 ട്രക്ക് ലോഡ് പ്ലാസ്റ്റിക് മാലിന്യം ദിവസം തോറും ഭൂമിയിലെ ജലാശയങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ടെന്നും ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ജനങ്ങള്‍ക്ക് പരിസ്ഥിതി ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
പുഴ, കടല്‍, തടാകങ്ങള്‍ തുടങ്ങിയ ജലാശായങ്ങളില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്കുകള്‍ മനുഷ്യ ജീവന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും പ്ലാസ്റ്റിക്കിന്‍റെ അംശങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും ഗുട്ടെറസ് പറഞ്ഞു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ് പ്ലാസ്റ്റിക് നിര്‍മിക്കുന്നത്. ഭൂമിയില്‍ കൂടുതലായി പ്ലാസ്റ്റിക് ഉത്‌പാദിപ്പിക്കപ്പെടുന്നത് പോലെ തന്നെ അധികമായി അവ കത്തിക്കുന്നുമുണ്ട്. ഇത്തരത്തില്‍ പ്ലാസ്റ്റിക് കത്തിക്കുന്നത് പ്രകൃതിക്കും മനുഷ്യനും ഏറെ വെല്ലുവിളിയാണ്.
2040 ആകുമ്പോഴേക്കും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗത്തില്‍ 80 ശതമാനം കുറക്കാനാകുമെന്ന് യുഎന്‍ എന്‍വയോണ്‍മെന്‍റ് പ്രോഗ്രാം റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ഗുട്ടെറസ് വ്യക്തമാക്കി. പ്ലാസ്‌റ്റിക് പുനരുപയോഗിക്കാനും പുനര്‍ നിര്‍മിക്കാനും എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ പ്രകൃതിയിലെ പ്ലാസ്റ്റിക്ക് നിക്ഷേപം കുറയ്‌ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരും കമ്പനികളും ഉപഭോക്താക്കളും ഒരു പോലെ പ്രവര്‍ത്തിക്കണം.
2200 ഈഫല്‍ ടവര്‍ ചേര്‍ന്നാലുണ്ടാകുന്ന ഭാരം എത്രയാണ് അത്ര പ്ലാസ്റ്റിക്കാണ് ഒരു വര്‍ഷത്തില്‍ ലോകമെമ്പാടും നിര്‍മിക്കുന്നത്. ഇത്തരത്തില്‍ നിര്‍മിക്കുന്ന പ്ലാസ്റ്റിക്കിന്‍റെ 19 മുതല്‍ 23 ദശലക്ഷം ടണ്‍ പ്ലാസ്റ്റ് ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നു. ലോകത്ത് നിര്‍മിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളില്‍ 10 ശതമാനത്തിന് താഴെ മാത്രമാണ് റീസൈക്കില്‍ ചെയ്യപ്പെടുന്നത് പഠനങ്ങള്‍ വ്യക്തമാക്കുന്നു.