മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തുകയും സ്കോർപിയോ ഉടമ കൊല്ലപ്പെടുകയും ചെയ്ത കേസിൽ ഏറ്റുമുട്ടൽ വിദഗ്ധനായ മുൻ പൊലീസ് ഇൻസ്പെക്ടറും ശിവസേന നേതാവുമായ പ്രദീപ് ശർമയെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. അന്ധേരിയിലെ ഫ്ലാറ്റിലും ലോണാവാലയിലെ റിസോർട്ടിലും തെരച്ചിൽ നടത്തിയ എൻഐഎ ശര്‍മയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെയും ഇലക്ട്രോണിക് തെളിവുകളുടെയും ശര്‍മയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഗൂഡാലോചനയില്‍ പങ്ക്
സ്കോർപിയോയിൽ കണ്ടെത്തിയ 20 ജലാറ്റിൻ സ്റ്റിക്കുകൾ സംഘടിപ്പിക്കുന്നതിലും സ്കോർപിയോ ഉടമ മൻസുഖ് ഹിരേന്‍റെ കൊലപാതക ഗൂഢാലോചനയിലും ശർമക്ക് പങ്കുള്ളതായാണ് സൂചന. നേരത്തെ രണ്ട് തവണ എൻഐഎയെ കാര്യാലയത്തിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മൻസുഖ് ഹിരേൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മുഖ്യപ്രതിയും മുൻ അസിസ്റ്റന്‍റ് ഇൻസ്പെക്ടറുമായ സച്ചിൻ വാസെ അന്ധേരിയിൽ വെച്ച് പ്രദീപ് ശർമയെ കണ്ടിരുന്നതായാണ് എൻഐഎക്ക് ലഭിച്ച വിവരം.