മോത്തിഹാരി:ബിഹാറിലെ കിഴക്കൻ ചമ്പാരനില്‍, മദ്യപരിശോധനയ്‌ക്കിടെ എക്സൈസ് ഹോം ഗാര്‍ഡിനെ കൊലപ്പെടുത്തി ആള്‍ക്കൂട്ടം. ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തവെയാണ് നാട്ടുകാർ ആക്രമിച്ചതും തുടര്‍ന്ന് കൊലപാതകം നടന്നതും. ഹൃദയ് നാരായണന്‍ റായിയാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ ഝരോഖർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമ്പൂര്‍ണ മദ്യനിരോധനം നടപ്പിലാക്കിയ ബിഹാറില്‍ മദ്യത്തിന്‍റെ ഉപഭോഗം പരിശോധിക്കുന്നതിനായി എക്‌സൈസ് വകുപ്പിന്‍റെ സംഘം ഝരോഖർ പാലത്തിന് സമീപമാണ് പരിശോധന നടത്തിയത്. പ്രദേശവാസികളെ, ബ്രീത്ത് അനലൈസർ മെഷീന്‍ ഉപയോഗിച്ച് എക്‌സൈസ് സംഘം പരിശോധന നടത്തവെയാണ് സംഭവം. രണ്ട് എഎസ്‌ഐമാരും ആറ് ഹോം ഗാർഡ് ഉദ്യോഗസ്ഥരുമാണ് സംഘത്തിലുണ്ടായിരുന്നത്.
സംഭവസ്ഥലത്ത് വന്‍ പൊലീസ് കാവല്‍:പരിശോധനയില്‍ നാട്ടുകാരിൽ ഒരാൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ്, വാക്കേറ്റമുണ്ടായതും കൊലപാതകമുണ്ടായതും. പ്രതിയെ എക്‌സൈസ് വാഹനത്തിൽ കയറ്റുന്നതിനിടെ, ഇയാളെ പിടികൂടിയതിനെച്ചൊല്ലി ആള്‍ക്കൂട്ടം ബഹളംവച്ചു. പ്രദേശത്തെ നിരവധി ആളുകള്‍ എത്തുകയും എക്‌സൈസ് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയുമുണ്ടായി. തുടര്‍ന്നാണ്, 55കാരനായ ഹോം ഗാർഡ് ഹൃദയ് നാരായണന്‍ റായിയെ ആള്‍ക്കൂട്ടം പിടികൂടുകയും മര്‍ദിക്കുകയും ചെയ്‌തത്.
സംഭവത്തെ തുടര്‍ന്ന് ഘോരസഹൻ, ഝരോഖർ, ജിത്‌ന എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസുകാര്‍ സംഭവ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു. രാത്രിയില്‍ നടത്തിയ റെയ്‌ഡിനിടെയാണ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഹോംഗാർഡ് ഹൃദയ് നാരായൺ റായിയുടെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനായി ഉടന്‍തന്നെ പൊലീസ്, സദർ ആശുപത്രിയിലേക്ക് അയച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.