ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) കെട്ടിടങ്ങളിൽ ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വൈസ് ചാൻസലർ. സ്‌കൂൾ ഓഫ് ഇന്‍റർനാഷണൽ സറ്റഡീസ് ഡീനും ഗ്രീവൻസ് കമ്മിറ്റിയും എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ചുവരിൽ സ്പ്രേ പെയിന്‍റ് ഉപോഗിച്ച് എഴുതിയ മുദ്രാവാക്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടത്.
ജെഎൻയുവിലെ ഓഫീസ് കെട്ടിടങ്ങളിലും മതിലുകളിലും ബ്രാഹ്‌മണ വിരുദ്ധ മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവമായി കാണുന്നു. കാമ്പസിലെ ദേശവിരുദ്ധവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ സംഭവങ്ങളെ അപലപിക്കുന്നു. കാമ്പസ് എല്ലാവരുടെയുമാണ്. ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും സർവകലാശാല പ്രസ്‌താവനയിൽ പറഞ്ഞു.