മുംബൈ:ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് വീണ്ടും വധ ഭീഷണി. മുംബൈ പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചാണ് ഭീഷണി ഉയർത്തിയത്. ഏപ്രിൽ 30 ന് സൽമാനെ കൊലപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. രാജസ്ഥാനിൽ നിന്നാണ് ഫോണ്‍ കോൾ വന്നതെന്നും സംഭവത്തിൽ അന്വേഷണം നടക്കുന്നതായും മുംബൈ പൊലീസ് അറിയിച്ചു.
ഇന്നലെ രാജസ്ഥാനിലെ ജോധ്‌പൂരിൽ നിന്ന് 'റോക്കി ഭായ്' എന്ന സ്വയം പരിചയപ്പെടുത്തിയ ആളാണ് മുംബൈ പൊലീസിന്‍റെ കണ്‍ട്രോൾ റൂമിലേക്ക് വിളിച്ചത്. ഏപ്രിൽ 30ന് താരത്തെ വധിക്കുമെന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായും സൽമാന് നേരെ വധഭീഷണി മുഴക്കുന്ന രവി ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണോ ഇതെന്ന് പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
മാർച്ചിൽ സൽമാന് നേരെ അധോലോക നായകൻ രവി ബിഷ്‌ണോയിയുടെ സംഘം ഇ-മെയിൽ മുഖാന്തരം വധഭീഷണി മുഴക്കിയിരുന്നു. സൽമാനെ കൊല്ലുക എന്നതാണ് തന്‍റെ ജീവിത ലക്ഷ്യം എന്ന് ലോറൻസ് ബിഷ്‌ണോയ് അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്‌തമാക്കിയിരുന്നു. ഇത് പരാമർശിച്ച് കൊണ്ടായിരുന്നു ഇ മെയിൽ സന്ദേശം എത്തിയത്. താരം ചെയ്‌ത തെറ്റിന് മാപ്പ് പറയണം എന്നായിരുന്നു സന്ദേശത്തിൽ വ്യക്‌തമാക്കിയിരുന്നത്.
പിന്നാലെ സന്ദേശം അയച്ച ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ട ധഖദ് റാമിനെ ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടർന്ന് ബാന്ദ്ര വെസ്റ്റിലുള്ള സൽമാന്‍റെ വീടിന് പുറത്ത് പൊലീസ് സുരക്ഷ ശക്‌തമാക്കിയിരുന്നു. മാസങ്ങളായി താരത്തിന് കനത്ത സുരക്ഷയാണ് പൊലീസ് സംഘം നൽകിവരുന്നത്.