ചെന്നൈ: മുന്‍ ഡിഎംകെ സര്‍ക്കാരിന്‍റെ അഴിമതികളെക്കുറിച്ചുള്ള തമിഴ് നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പുതിയ വെളിപ്പെടുത്തലുകളില്‍ ഞെട്ടിത്തരിച്ച് തമിഴകം. പതിനൊന്ന് ഡിഎംകെ നേതാക്കളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡിഎംകെ ഫയല്‍ വണ്ണിന് പിന്നാലെയാണ് ഡിഎംകെ ഫയല്‍ 2 എന്ന പുതിയ വെളിപ്പെടുത്തലുമായി അണ്ണാമലൈ രംഗപ്രവേശം ചെയ്തത്. വിവിധ വകുപ്പുകളിലായി ഡിഎംകെ സര്‍ക്കാര്‍ നടത്തിയ 5600 കോടി രൂപയുടെ അഴിമതി തുറന്നു കാട്ടുന്ന വീഡിയോ ഉള്‍പ്പെടെയാണ് അണ്ണാമലൈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
വീഡിയോ ട്വിറ്ററില്‍: അഴിമതി ആരോപണങ്ങളുടെ വിശദമായ വീഡിയോ അണ്ണാമലൈ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മൂന്ന് കമ്പനികളുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയാണ് അണ്ണാമലൈ പുതിയ വീഡിയോയില്‍ വിവരിക്കുന്നത്. 2006- 2011 കാലത്തെ ഡിഎംകെ സര്‍ക്കാര്‍ നടത്തിയ അഴിമതികളില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ പങ്കിനെക്കുറിച്ചും അണ്ണാമലൈ പരാമര്‍ശിക്കുന്നുണ്ട്. എല്‍ഡിഎല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി വഴി 3000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.
3000 കോടി രൂപ വില വരുന്ന ഭൂമി എല്‍ഡിഎല്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനി സ്വകാര്യ വ്യക്തിയില്‍ നിന്ന് വാങ്ങിയതിനെയാണ് അണ്ണാമലൈ ചോദ്യം ചെയ്യുന്നത്. ഈ ഇടപാട് നടക്കുമ്പോള്‍ തമിഴ് നാട് വ്യവസായ മന്ത്രിയായിരുന്നു എംകെ സ്റ്റാലിന്‍.
സ്റ്റാലിന് ഇടപാടുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അണ്ണാമലൈ ആരോപിക്കുന്നത്. തമിഴ് നാട് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് വേണ്ടി കീടനാശിനികള്‍ വാങ്ങിയ ഇനത്തില്‍ 2000 കോടി രൂപയുടേയും 600 കോടി രൂപയുടേയും അഴിമതി നടന്നതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
പദയാത്രയ്ക്ക് മുന്നേ വെടിപൊട്ടിച്ച്: 'എന്‍ മണ്ണ് എന്‍ മക്കള്‍' എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന പദയാത്രയ്ക്ക് തുടക്കം കുറിക്കാനിരിക്കേയാണ് അണ്ണാമലൈ പുതിയ വെടിപൊട്ടിച്ചിരിക്കുന്നത്. ഡിഎംകെ നേതാക്കളുടെ മുഴുവന്‍ അഴിമതിക്കഥകളും പദയാത്രയില്‍ ജന മധ്യത്തില്‍ തുറന്നു കാട്ടുമെന്ന് അണ്ണാമലൈ പറഞ്ഞു. ബിജെപിയുടെ വികസന അജണ്ട വിശദീകരിക്കാനും ഡിഎംകെയുടെ ജന ദ്രോഹ അഴിമതി ഭരണം തുറന്നു കാട്ടാനുമാണ് പദയാത്രയെന്ന് അദ്ദേഹം വിശദീകരിച്ചു. രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തു നിന്ന് ചെന്നൈ വരെ നീളുന്ന പദയാത്ര വെള്ളിയാഴ്ചയാണ് ( ജൂലൈ 28) ആരംഭിക്കുന്നത്.
നേരത്തേ പുറത്തു വിട്ട ഡിഎംകെ ഫയല്‍സ് 1 ന്‍റെ ഭാഗമായി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ സ്ഥാപിക്കുന്ന തെളിവുകളടങ്ങിയ രേഖകള്‍ തമിഴ് നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്ക് കൈമാറിയതായി അണ്ണാമലൈ അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ അഴിമതിക്കാര്‍ക്കെതിരെ തക്കതായ നടപടി കൈക്കൊള്ളണമെന്ന് അണ്ണാമലൈ ഗവര്‍ണറോട് ആവശ്യപ്പെട്ടു.
ഡിഎംകെ ഫയല്‍സ് 1 ന്‍റെ ഭാഗമായി ഉയര്‍ത്തിയ ആരോപണത്തില്‍ ടിആര്‍ ബാലു അടക്കമുള്ള ഡിഎംകെ നേതാക്കന്മാര്‍ അണ്ണാമലൈക്ക് എതിരെ മാനനഷ്ടക്കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. ഡിഎംകെ ഫയല്‍സ് 2 പുറത്തുവിട്ടത് വഴി പദയാത്രയുമായി ജനമധ്യത്തിലേക്കിറങ്ങുന്നതിനു തൊട്ടു മുമ്പ് തമിഴകത്ത് വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് അണ്ണാമലൈ തിരികൊളുത്തിയിരിക്കുന്നത്.