ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോര്‍ട്ടിലെ റിസപ്‌ഷനിസ്റ്റ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവതി ബലാത്സംഗത്തിന് ഇരയായതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പ്രാഥമിക ഡിഎൻഎ റിപ്പോർട്ട്. മരണത്തിന് മുമ്പ് ബലപ്രയോഗം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക ഡിഎൻഎ റിപ്പോർട്ടിൽ ബലാത്സംഗം നടന്നിട്ടില്ലെന്ന് എഡിജിപി (ലോ ആൻഡ് ഓർഡർ) വി മുരുകേശൻ സ്ഥിരീകരിച്ചു. സ്രവ പരിശോധന നടത്തിയതിൽ റിപ്പോർട്ട് നെഗറ്റീവാണെന്നും വിശദമായ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും എഡിജിപി കൂട്ടിച്ചേർത്തു.
കേസ് അതിവേഗ കോടതിയിലേയ്ക്ക് :അങ്കിതയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ഏറെക്കുറെ പൂർത്തിയായതായി അധികൃതർ അറിയിച്ചു. കുറ്റപത്രം 90 ശതമാനത്തോളം തയ്യാറാക്കിയെന്നും അടുത്ത 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ കഴിയുമെന്നും അന്വേഷണ സംഘം അറിയിച്ചു.
അങ്കിത കൊലക്കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയതായും സൂചനയുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. പുറത്താക്കപ്പെട്ട ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോർട്ടിനെതിരെ നടപടി ആവശ്യപ്പെട്ട് ടൂറിസം വകുപ്പിനും അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്.
മരണവും വിവാദവും :സെപ്‌റ്റംബർ 24നാണ് ഋഷികേശിലെ ചില്ല കനാലിൽ നിന്ന് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. ഇതിന് ആറ് ദിവസം മുമ്പാണ് അങ്കിതയെ കാണാതായത്. സംഭവത്തിൽ പുൽകിത് ആര്യ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
Read More:അങ്കിത ഭണ്ഡാരി മരിച്ചത് വെള്ളത്തില്‍ മുങ്ങി, മരണത്തിന് മുമ്പ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കപ്പെട്ടു; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ ശ്വാസം മുട്ടലാണ് മരണ കാരണം. മരിക്കുന്നതിന് മുമ്പ് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആക്രമിക്കപ്പെട്ടതിന്‍റെ മുറിവുകളും ശരീരത്തിൽ കണ്ടെത്തിയിരുന്നു. യുവതിയെ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ റിസോര്‍ട്ട് ഉടമയായ പുൽകിത് നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.