ഋഷികേശ് :ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്‍റെ മകന്‍റെ റിസോര്‍ട്ടിലെ, കൊല്ലപ്പെട്ട റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ(19) വാട്‌സ്ആപ്പ് സന്ദേശത്തില്‍ നിര്‍ണായക വിവരങ്ങള്‍. അങ്കിത വ്യഭിചാരത്തിനായി പ്രതികളാല്‍ പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന ആരോപണത്തിന് ശക്‌തിപകരുന്നതാണ് പുറത്തുവന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍. തന്നെ വേശ്യയാക്കാനായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സുഹൃത്തിന് അയച്ച സന്ദേശത്തില്‍ അങ്കിത പറയുന്നു.
കനാലില്‍ നിന്നാണ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം ലഭിക്കുന്നത്. സംഭവത്തില്‍ റിസോര്‍ട്ട് ഉടമ പുല്‍കിത് ആര്യയടക്കം മൂന്ന് പേര്‍ അറസ്‌റ്റിലാണ്. വാക്കുതർക്കത്തിനിടെ യുവതിയെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
റിസോര്‍ട്ടിലെ താമസക്കാര്‍ക്ക് 10,000 രൂപയ്‌ക്ക് 'സ്‌പെഷല്‍ സര്‍വീസ്' ചെയ്‌തുകൊടുക്കാന്‍ തന്നെ പ്രേരിപ്പിക്കുകയാണെന്ന് അങ്കിത സുഹൃത്തിന് അയച്ച സന്ദേശത്തിലുണ്ട്. വ്യഭിചാരത്തിനായി ഉപയോഗിക്കുന്ന ഓമനപ്പേരാണ് സ്‌പെഷല്‍ സര്‍വീസ് എന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. സ്‌പായുടെ മറവിലാണ് ഈ വ്യഭിചാരം. അങ്കിത റിസോര്‍ട്ടിലെ തന്‍റെ അനുഭവങ്ങള്‍ വ്യക്തമാക്കുന്ന ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യ ആവശ്യപ്പെട്ടത് പോലെ 'സ്‌പെഷല്‍ സര്‍വീസ്' നല്‍കാന്‍ വിസമ്മതിച്ചതാണ് അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുല്‍കിത് ആര്യ. അങ്കിതയുടെതാണെന്ന പേരില്‍ പ്രചരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങളുടെയും റെക്കോഡ് ചെയ്യപ്പെട്ട ഫോണ്‍ സന്ദേശങ്ങളുടേയും നിജസ്ഥിതി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ അങ്കിതയുടേത് തന്നെയാണെന്ന് ഉറപ്പാക്കുന്നതിനായി ഫോറന്‍സിക് പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
റിസോര്‍ട്ടില്‍ താമസിക്കാന്‍ വന്ന ഒരു പുരുഷന്‍ തന്നെ അനുചിതമായി ശരീരത്തില്‍ സ്‌പര്‍ശിച്ചെന്നും സുഹൃത്തിന് അയച്ച സന്ദേശത്തില്‍ അങ്കിത വ്യക്തമാക്കി. എന്നാല്‍ ആ വ്യക്തി മദ്യപിച്ചിട്ടുണ്ട് എന്നുള്ളതിനാല്‍ വലിയ വിഷയമായെടുക്കേണ്ട എന്നാണ് പുല്‍കിത് ആര്യ പറഞ്ഞത്. പുല്‍കിത് ആര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി റിസോര്‍ട്ടില്‍ വരുന്നവരുമായി ലൈംഗിക വേഴ്‌ചയില്‍ ഏര്‍പ്പെടാന്‍ അങ്കിത വിസമ്മതിച്ചതാണ് യുവതി കൊല്ലപ്പെടാന്‍ കാരണമെന്ന് അവളുടെ ഒരു സുഹൃത്ത് ആരോപിച്ചു.