ഡെറാഡൂൺ:അങ്കിത ഭണ്ഡാരി വധക്കേസിലെ മുഖ്യപ്രതിയും പുറത്താക്കപ്പെട്ട ബിജെപി നേതാവിന്‍റെ മകനുമായ പുൽകിത് ആര്യയുടേതടക്കം കേസിലെ മൂന്ന് പ്രതികളുടെയും നാർക്കോ, പോളിഗ്രാഫ് പരിശോധനകൾക്ക് ഉത്തരാഖണ്ഡിലെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ അനുമതി നൽകി. വീഡിയോ കോൺഫറൻസിങ് വഴി പുൽകിത് ആര്യയിൽ നിന്ന് ഇതിനായി സമ്മതം വാങ്ങി. പുൽകിത് ആര്യയുടെ നിബന്ധനകൾക്ക് വിധേയമായി ചോദിക്കേണ്ട ചോദ്യങ്ങളും നാർക്കോ, പോളിഗ്രാഫ് ടെസ്റ്റിൽ ഉൾപ്പെടുത്തും.
പുൽകിത് ആര്യ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളും നാർക്കോ, പോളിഗ്രാഫ് ടെസ്റ്റുകൾക്ക് വിധേയരാകാൻ വിസമ്മതിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം നാർക്കോ, പോളിഗ്രാഫ് ടെസ്റ്റുകൾ നടത്തുന്നത് എന്തിനാണെന്ന് വിശദീകരിക്കുന്നില്ലെന്നായിരുന്നു പ്രതികളുടെ വാദം. തുടർന്ന് നാർക്കോ അനാലിസിനും പോളിഗ്രാഫ് ടെസ്റ്റിനും വേണ്ടിയുള്ള മുൻ അപേക്ഷ കോടതി തള്ളിയിരുന്നു.
ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൽകിത് ആര്യ നടത്തുന്ന റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അങ്കിത (19). സെപ്‌റ്റംബർ 24നാണ് ഋഷികേശിലെ ചില്ല കനാലിൽ നിന്ന് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്. സെപ്റ്റംബർ 19നാണ് അങ്കിതയെ കാണാതായത്.