ഗ്വാളിയോർ (മധ്യപ്രദേശ്) :ഫേസ്‌ബുക്ക് വഴി പ്രണയത്തിലായ യുവാവിനെത്തേടി പാകിസ്ഥാനിലേക്ക് പോയി വിവാഹിതയായ യുവതി ഇന്ത്യയിലുള്ള തന്‍റെ കുട്ടികളെക്കൂടി കൊണ്ടുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഇന്ത്യയിലുള്ള ഭർത്താവ് അരവിന്ദ് കുമാറിനെ വിളിച്ചാണ് അഞ്ജു ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് അവളുടെ പിതാവ് ഗയാ പ്രസാദ് തോമസ് പറഞ്ഞു. അതേസമയം യുവതി പാകിസ്ഥാനിലേക്ക് പോയ സംഭവത്തിൽ ഗ്വാളിയോർ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
'അഞ്ജു ഇപ്പോൾ എന്‍റെ മരുമകൻ അരവിന്ദിനെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. അവൾ അരവിന്ദിനെ വിളിച്ച് കുട്ടികളെ തന്‍റെ കൂടെ പാകിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞു. കുട്ടികളുടെ മേൽ തനിക്കും അവകാശമുണ്ടെന്നും അതിനാൽ തനിക്ക് കുട്ടികളെ അവിടേക്ക് കൊണ്ടുപോകാൻ കഴിയുമെന്നും അഞ്ജു ഭീഷണിപ്പെടുത്തി. എനിക്കും എന്‍റെ കുടുംബത്തിനും അഞ്ജു മരിച്ച് കഴിഞ്ഞു. അവളുടെ പ്രവർത്തികൾ ഞങ്ങൾക്ക് കളങ്കമുണ്ടാക്കി. അവളുടെ പ്രവർത്തിയിൽ ഞാൻ ലജ്ജിക്കുന്നു' - ഗയാ പ്രസാദ് തോമസ് പറഞ്ഞു.
അഞ്ജുവിനും അരവിന്ദിനും 15ഉം ആറും വയസുള്ള ആണ്‍മക്കളാണുള്ളത്. അതേസമയം അഞ്ജു പാകിസ്ഥാനിലേക്ക് പോയതിൽ ഗ്വാളിയാർ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസിനെയും കുടുംബത്തെയും കുറിച്ച് അന്വേഷണം നടത്താൻ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചൊവ്വാഴ്‌ച അഞ്ജുവിന്‍റെ പിതാവിനെ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. അഞ്ജുവിന്‍റെ കുടുംബം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.
അഞ്ജുവിന്‍റ കുടുംബത്തിന്‍റെ ഒരോ നീക്കങ്ങളും പൊലീസ് സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണെന്ന് ഗ്വാളിയോർ പൊലീസ് സൂപ്രണ്ട് (എസ്‌പി) രാജേഷ് സിങ് ചന്ദേൽ പറഞ്ഞു. 'അഞ്ജുവിന്‍റെ കുടുംബത്തിന്‍റെ എല്ലാ രേഖകളും മൊബൈൽ രേഖകളും പരിശോധിച്ച് വരികയാണ്. ഈ കുടുംബത്തിൽ നിന്ന് ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. അഞ്ജുവിന്‍റെ മറ്റ് ബന്ധുക്കളെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അഞ്ജുവിന്‍റെ പിതാവ് എപ്പോഴാണ് ക്രിസ്‌തുമതം സ്വീകരിച്ചതെന്നും മതപരിവർത്തനത്തിന് പിന്നിലെ കാരണം എന്താണെന്നും അന്വേഷിക്കുന്നുണ്ട്' - എസ്‌പി പറഞ്ഞു.
ഫേസ്‌ബുക്ക് പ്രണയം, പിന്നാലെ വിവാഹം : ജൂലൈ 20നാണ് അഞ്ജു ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി പാകിസ്ഥാനിലേക്ക് പോയത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ നസ്‌റുല്ലയെ (29) തേടിയായിരുന്നു യുവതി ഇന്ത്യൻ അതിർത്തി വിട്ടത്. എന്നാല്‍ പാകിസ്ഥാനില്‍ എത്തിയ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടർന്ന് യാത്രാരേഖകൾ പരിശോധിച്ച ശേഷം വിട്ടയക്കുകയായിരുന്നു. തുടർന്ന് അഞ്ജു ഇസ്‌ലാം മതം സ്വീകരിച്ച് ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നു.
ശേഷം ഇരുവരും നസ്‌റുള്ളയുടെ കുടുംബാംഗങ്ങളുടേയും അഭിഭാഷകരുടേയും സാന്നിധ്യത്തിൽ ജില്ല സെഷൻസ് കോടതിയിൽ കനത്ത പൊലീസ് സുരക്ഷയിൽ വിവാഹിതരാവുകയായിരുന്നു. വിവാഹത്തലേന്ന് കനത്ത സുരക്ഷയിൽ ഇരുവരും യാത്ര നടത്തി പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടും നടത്തിയിരുന്നു. അപ്പർ ദിർ ജില്ലയെ ചിത്രൽ ജില്ലയുമായി ബന്ധിപ്പിക്കുന്ന ലവാരി തുരങ്കം സന്ദർശിച്ചതായും പൊലീസ് അറിയിച്ചിരുന്നു. 2019ലാണ് ഇരുവരും ഫേസ്‌ബുക്ക് വഴി സൗഹൃദത്തിലാകുന്നത്.