ഹൈദരാബാദ്: ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിൽ ഇറങ്ങിയ 'ലിയോ' തിയേറ്ററുകളിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളത്തിലുൾപ്പടെ മുൻപെങ്ങും കാണാത്ത വിധമുള്ള വരവേൽപ്പാണ് ഈ വിജയ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ബോക്‌സോഫിസിലെ കുതിപ്പിനിടെ ചില 'കോപ്പിയടി' വിവാദങ്ങളിൽ കൂടി പെട്ടിരിക്കുകയാണ് 'ലിയോ'.
ചിത്രത്തിലെ ഗാനങ്ങൾ സംബന്ധിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചകൾ കൊഴുക്കുന്നത്. 'ലിയോ'യിൽ അനിരുദ്ധ് രവിചന്ദർ ഈണമിട്ട 'ഓർഡിനറി പേഴ്‌സൺ' മറ്റൊരു ഗാനത്തിന്‍റെ കോപ്പിയടി ആണെന്നാണ് ആരോപണം. ബെലാറഷ്യൻ സംഗീതജ്ഞൻ ഒട്‌നിക്കയുടെ (Belarusian musician Otnicka) 'വേർ ആർ യു?' (Where Are You?) എന്ന പാട്ടുമായി 'ഓർഡിനറി പേഴ്‌സണ്' സാമ്യമുണ്ടെന്നാണ് ആരോപണം ഉയരുന്നത് (Anirudh Ravichander Faces allegations of plagiarism in Leo).
വിഷയം ഏതായാലും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇരു ഗാനങ്ങളും തമ്മിൽ വലിയ സാമ്യതകൾ ഉണ്ടെന്നാണ് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും എല്ലാം പ്രേക്ഷകർ പറയുന്നത്. ഇതിനിടെ ഓൺലൈൻ ചാറ്റിനെത്തുടർന്ന്, ഒറിജിനൽ ആർട്ടിസ്റ്റായ ഒട്‌നിക്ക ഈ അവകാശവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.
ഗാനം ഉപയോഗിക്കാൻ ആരും തന്‍റെ അനുമതി തേടിയിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന് വിശദമായ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഒട്‌നിക്ക ഈ വിഷയത്തെ അഭിസംബോധന ചെയ്യുകയും ചെയ്‌തു. വിഷയം സജീവമായി അന്വേഷിക്കുകയാണെന്നും യഥാസമയം അപ്‌ഡേറ്റുകൾ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
"ലിയോ എന്ന സിനിമയെക്കുറിച്ചുള്ള നിങ്ങളുടെ സന്ദേശങ്ങൾക്ക് നന്ദി. ഞാൻ എല്ലാം കാണുന്നുണ്ട്, പക്ഷേ എല്ലാവർക്കും മറുപടി നൽകുക എന്നത് അസാധ്യമാണ്. മെയിൽ സന്ദേശങ്ങൾ, ഇൻസ്റ്റഗ്രാം, കൂടാതെ യൂട്യൂബിൽ 'വേർ ആർ യു?' എന്ന വീഡിയോയ്‌ക്ക് കീഴിലും ആയിരക്കണക്കിന് കമന്‍റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.