ബോക്‌സോഫിസില്‍ കുതിച്ചുയര്‍ന്ന് രൺബീർ കപൂറിന്‍റെ ഏറ്റവും പുതിയ റിലീസ് 'ആനിമൽ' (Animal starring Ranbir Kapoor). റിലീസിന് പിന്നാലെ രണ്‍ബീര്‍ കപൂര്‍ ചിത്രം വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. സ്ത്രീവിരുദ്ധതയുടെ പേരിലാണ് ചിത്രം വിമർശനം ഏറ്റുവാങ്ങിയത്.
എന്നാല്‍ ഈ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്നതാണ് 'ആനിമലി'ന്‍റെ ബോക്‌സോഫിസ് കലക്ഷന്‍. ഡിസംബര്‍ 1ന് റിലീസ് ചെയ്‌ത ചിത്രം കാണാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ വന്‍ തിരക്കാണ്. ഒരാഴ്‌ച പിന്നിടുമ്പോള്‍ ചിത്രം കലക്ഷനില്‍ ഗംഭീര വിജയം നേടി മുന്നേറുകയാണ്.
സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത ചിത്രത്തിന്‍റെ ആഗോള കലക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആഗോളതലത്തില്‍ 563.3 കോടി രൂപയാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത്. രണ്‍ബീറിന്‍റെ മറ്റൊരു ബ്ലോക്ക്‌ബസ്‌റ്ററായ സഞ്‌ജുവിന്‍റെ ആഗോള കലക്ഷനായ 586.85 കോടി രൂപയുടെ റെക്കോഡ് മറികടക്കാനുള്ള തേരോട്ടത്തിലാണിപ്പോള്‍ 'ആനിമല്‍'.
'ആനിമല്‍' നിര്‍മാതാക്കള്‍ സിനിമയുടെ ആഗോള കലക്ഷന്‍ വിവരങ്ങള്‍ അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. '#ഇതിഹാസ വിജയം #ആനിമല്‍' -എന്ന അടിക്കുറിപ്പോടു കൂടിയാണ് നിര്‍മാതാക്കള്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ആനിമല്‍ 563.3 കോടി രൂപയുടെ കലക്ഷന്‍ നേടിയെന്നാണ് പോസ്‌റ്ററിൽ പങ്കുവച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യൻ ബോക്‌സോഫിസിൽ 338 കോടി രൂപയാണ് ആനിമൽ ഇതിനോടകം നേടിയത്. ഇന്ത്യയിൽ നിന്നും ഏഴാം ദിനം ചിത്രം 25.5 കോടി രൂപയാണ് നേടിയത്. ഇതോടെയാണ് ചിത്രം 338 കോടി രൂപ കലക്‌ട് ചെയ്‌തത്. ഈ ശ്രദ്ധേയമായ നേട്ടത്തോടെ പഠാന്‍റെ 330.25 കോടി രൂപയുടെ കലക്ഷനും 'ഗദര്‍ 2' 284.63 കോടി രൂപയുടെ കലക്ഷനും 'ആനിമല്‍' മറികടന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍റെ കലക്ഷന്‍ റെക്കോഡായ 367.5 കോടി രൂപയെയും 'ആനിമല്‍' മറികടക്കും എന്നാണ് കണക്കുക്കൂട്ടല്‍.
'ആനിമല്‍' അതിന്‍റെ രണ്ടാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോൾ, ഷാരൂഖ് ഖാന്‍റെ 'ഡങ്കി' (Shah Rukh Khan s Dunki), പ്രഭാസിന്‍റെ 'സലാർ' (Prabhas Salaar) എന്നിവയുടെ റിലീസുകൾ വരെ, ശ്രദ്ധേയമായ മത്സരങ്ങള്‍ ഒന്നുമില്ലാതെ ചിത്രം ബോക്‌സോഫിസിൽ വാഴും. വിക്കി കൗശൽ (Vicky Kaushal) നായകനായി എത്തിയ 'സാം ബഹാദൂറി'നൊപ്പമാണ് (Sam Bahadur) 'ആനിമൽ' തിയേറ്ററുകളില്‍ എത്തിയത്.
രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ധനികനായ വ്യവസായി ബൽബീർ സിങ്ങിന്‍റെ മകന്‍ അര്‍ജുന്‍ സിങ് ആയാണ് ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ പ്രത്യക്ഷപ്പെട്ടത്. അനിൽ കപൂർ ആണ് ബല്‍ബീര്‍ സിങ്ങിന്‍റെ വേഷം ചെയ്‌തത്.
തന്‍റെ പിതാവിനെ ആരെങ്കിലും വേദനിപ്പിച്ചാല്‍ ഈ ലോകം തന്നെ ചുട്ടെരിക്കാനുള്ള മനസുമായി മുന്നോട്ടു പോകുന്ന കഥാപാത്രമാണ് അര്‍ജുന്‍ സിങ്ങിന്‍റേത്. രശ്‌മിക മന്ദാന ആണ് രൺബീറിന്‍റെ ഭാര്യയായി വേഷമിട്ടത്. രണ്‍ബീറിന്‍റെ ശത്രുവായി ബോബി ഡിയോളും പ്രത്യക്ഷപ്പെട്ടു.
Also Read:'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍