ന്യൂഡൽഹി:വാലന്‍റൈൻസ് ദിനത്തിൽ പശുക്കളെ ആലിംഗനം ചെയ്യണമെന്ന മൃഗസംരക്ഷണ ബോർഡിന്‍റെ സർക്കുലർ പിൻവലിച്ചു. കേന്ദ്രസർക്കാർ നിർദേശത്തെ തുടർന്നാണ് വിവാദ സർക്കുലർ പിൻവലിച്ചത്. ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്നായിരുന്നു ബോർഡ് സെക്രട്ടറി എസ് കെ ദത്ത ആദ്യം നിർദേശിച്ചിരുന്നത്.
ഇതാദ്യമായാണ് മൃഗസംരക്ഷണ ബോർഡ് രാജ്യത്തെ ജനങ്ങളോട് 'കൗ ഹഗ് ഡേ' ആഘോഷിക്കാൻ അഭ്യർഥിച്ചത്. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ സർക്കാർ നിർദേശത്തെ തുടർന്ന് വെള്ളിയാഴ്‌ച സർക്കുലർ പിൻവലിക്കുകയായിരുന്നു.
ന്യായീകരിച്ച് കേന്ദ്ര മന്ത്രി:രാജ്യത്ത് പാശ്ചാത്യ സംസ്‌കാരം വ്യാപിക്കുന്നത് മൂലം വേദ പാരമ്പര്യത്തിന് വംശനാശം സംഭവിക്കുന്നതിനാലാണ് ഇത്തരമൊരു സർക്കുലർ പുറപ്പെടുവിച്ചതെന്നായിരുന്നു ബോർഡ് നേരത്തെ നൽകിയിരുന്ന വിശദീകരണം. ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആഘോഷിക്കാൻ ബോർഡ് നൽകിയ ആഹ്വാനത്തോട് ജനങ്ങൾ അനുകൂലമായി പ്രതികരിച്ചാൽ നല്ലതാണെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞതിന് പിന്നാലെയാണ് സർക്കുലർ പിൻവലിച്ചത്.
READ MORE:'ദൈവാനുഗ്രഹത്തിനായി പശുവിനെ ആലിംഗനം ചെയ്യൂ'; കേന്ദ്രത്തിന്‍റെ 'കൗ ഗഹ് ഡേ' ഉത്തരവിനെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി പർഷോത്തം രൂപാല
പശുവിനെ ആരാധിക്കുന്ന പാരമ്പര്യം ഈ രാജ്യത്തിനുണ്ട്. പശുവിനെ ആശ്ലേഷിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. അതിനാൽ ബോർഡിന്‍റെ ആഹ്വാനത്തോട് ജനങ്ങൾ ക്രിയാത്മകമായി പ്രതികരിക്കുന്നത് നല്ലതാണ് എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പശുവിനെ ആലിംഗനം ചെയ്യുന്നത് ഒരു മഹത്തരമായ പ്രവർത്തിയാണ്. സ്‌നേഹം പ്രകടിപ്പിക്കാനുള്ള വാലന്‍റൈൻസ് ദിനം ഇത്തരത്തിൽ ആഘോഷിക്കുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്നും അതിനാൽ പശുവിനെ സ്‌നേഹിച്ചും ആലിംഗനം ചെയ്‌തും എല്ലാവരും ദൈവാനുഗ്രഹം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കുലറിന് പിന്നാലെ ട്രോൾ മഴ:എന്നാൽ 'കൗ ഹഗ് ഡേ' ആചരിക്കണമെന്ന കേന്ദ്ര ഉത്തരവിന് പിന്നാലെ സർക്കുലറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ എന്നിവിടങ്ങളിൽ സർക്കുലറിനെ പരിഹസിച്ചുകൊണ്ടുള്ള രസകരമായ മീമുകളും കമന്‍റുകളും വീഡിയോകളും പ്രത്യക്ഷപ്പെട്ടു.