ന്യൂഡല്‍ഹി:കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എകെ ആന്‍റണിയുടെ മകൻ അനില്‍ കെ ആന്‍റണി ബിജെപിയില്‍ ചേർന്നു. കോൺഗ്രസില്‍ എഐസിസി സോഷ്യല്‍ മീഡിയ കോഓർഡിനേറ്റർ, കെപിസിസി ഡിജിറ്റല്‍ മീഡിയ കൺവീനർ എന്നി പദവികൾ വഹിച്ചിട്ടുണ്ട്. ബിജെപി ദേശീയ ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്നാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപി സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണിയുടെ പാർട്ടി പ്രവേശനം. അനില്‍ ആന്‍റണി ബഹുമുഖ പ്രതിഭയെന്ന് അംഗത്വം നല്‍കിക്കൊണ്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ബിജെപി രാഷ്ട്രത്തിനായി പ്രവർത്തിക്കുന്നു എന്നും കോൺഗ്രസ് ഒരു കുടുംബത്തിനായി പ്രവർത്തിക്കുന്നുവെന്നും അനില്‍ ആന്‍റണിയുടെ ആദ്യ പ്രതികരണം. ആലോചിച്ച് എടുത്ത തീരുമാനമെന്നും അവസരം നല്‍കിയതിന് നന്ദിയെന്നും അനില്‍ കെ ആന്‍റണി പറഞ്ഞു. സ്ഥാനമാനങ്ങൾക്കായല്ല ബിജെപിയില്‍ ചേർന്നതെന്നും മോദിയുടെ കാഴ്‌ചപ്പാടിനായി പ്രവർത്തിക്കുമെന്നും അംഗത്വം സ്വീകരിച്ചു കൊണ്ട് അനില്‍ കെ ആന്‍റണി ബിജെപി ദേശീയ ആസ്ഥാനത്ത് പറഞ്ഞു.
കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ, ബിജെപി കേരള അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർക്ക് ഒപ്പമെത്തിയാണ് അനില്‍ കെ ആന്‍റണി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ചതോടെയാണ് അനില്‍ ആന്‍റണി പരസ്യമായി കോൺഗ്രസുമായി അകന്നത്. അതിനു ശേഷം കോൺഗ്രസില്‍ നിന്ന് ലഭിച്ച പദവികൾ അനില്‍ കെ ആന്‍റണി രാജിവെച്ചിരുന്നു. അതിനു ശേഷം തുടർച്ചയായി ബിബിസി ഡോക്യുമെന്‍ററിയെ വിമർശിച്ച അനില്‍ കെ ആന്‍റണിയുടെ ട്വീറ്റുകൾ വലിയ ചർച്ചയായിരുന്നു. അനില്‍ കെ ആന്‍റണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ അതിനു ശേഷം പ്രചരിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ശേഷം അനില്‍ ആന്‍റണി നടത്തിയ പരാമർശം, മാർച്ച് 30ന് ശ്രീരാമ നവമി ദിവസം നടത്തിയ ട്വീറ്റ് എന്നിവയും വലിയ ചർച്ചയായിരുന്നു. രാമനവമിക്ക് ആശംസകൾ അറിയിച്ചായിരുന്നു ട്വീറ്റ്. ഏപ്രില്‍ രണ്ടിന് സവർക്കറെ അനുകൂലിച്ചുള്ള അനിലിന്‍റെ ട്വീറ്റ് വന്നതോടെ ബിജെപിയില്‍ ചേരുമെന്ന വാർത്തകൾ കൂടുതല്‍ ശക്തമായിരുന്നു.
അനിലിന്‍റെ ബിജെപി പ്രവേശനം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോൺഗ്രസിനെ വലിയ പ്രതിരോധത്തിലാക്കുമെന്നുറപ്പാണ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും മുൻ കേരള മുഖ്യമന്ത്രിയുമായ എകെ ആന്‍റണിയുടെ മകൻ ബിജെപിയില്‍ ചേർന്നതിനെ കോൺഗ്രസ് ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും എങ്ങനെ പ്രതിരോധിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കൗതുകത്തോടെ നോക്കിക്കാണുന്നത്. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് എകെ ആന്‍റണി കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.