ന്യൂഡൽഹി : ബിജെപിയുടെ കേന്ദ്ര ഭാരവാഹികളുടെ പുതിയ പട്ടിക ബിജെപി അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണിയെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അതേസമയം എ പി അബ്‌ദുല്ലക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റായി തുടരും. 13 വൈസ് പ്രസിഡന്‍റുമാരും ഒൻപത് സെക്രട്ടറിമാരും അടങ്ങിയതാണ് പുതിയ പട്ടിക.
അതേസമയം കേരളത്തിൽ നിന്ന് മറ്റാരും പുതിയ കേന്ദ്ര നേതൃത്വ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടില്ല. പാർട്ടി പുനഃക്രമീകരിച്ച പട്ടിക പ്രകാരം തെലങ്കാന യൂണിറ്റ് മേധാവി ബന്ദി സഞ്ജയ് കുമാറിനെയും രാജ്യസഭ എംപി രാധ മോഹൻ അഗർവാളിനെയും ദേശീയ ജനറൽ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ നീക്കം.
സംഘടന ചുമതലയുള്ള ബി എൽ സന്തോഷിന്‍റെ പേരും പട്ടികയിൽ ഉണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽസിയും അലിഗഡ് മുസ്‌ലിം സർവകലാശാല മുൻ വൈസ് ചാൻസലറുമായ താരിക് മൻസൂറിനെ ബിജെപി ദേശീയ ഉപാധ്യക്ഷനായി നിയമിച്ചു. ദേശീയ ജനറൽ സെക്രട്ടറി പട്ടികയിൽ ലക്ഷ്‌മികാന്ത് ബാജ്‌പേയി അടക്കം ഇടം പിടിച്ചപ്പോൾ കർണാടകയിൽ നിന്നുള്ള സി ടി രവിയേയും അസമിൽ നിന്നുള്ള ദിലീപ് സൈകിയേയും പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇവർ 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.