മുംബൈ: പൊലീസ് മുന്‍ മേധാവി പരം ബീര്‍ സിംഗ് തനിക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തുനല്‍കി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ്.
പരംബീറിന്‍റെ ആരോപണം അന്വേഷിക്കണമെന്ന് ഉദ്ധവിന് ആഭ്യന്തരമന്ത്രിയുടെ കത്ത് - മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അനിൽ ദേശ്മുഖ്
മുംബൈ മുന്‍ പൊലീസ് മേധാവ് പരംബീര്‍ സിങ് മുഖ്യമന്ത്രിക്കയച്ച കത്തിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അനില്‍ ദേശ്മുഖിന്‍റെ നടപടി.
അംബാനി - കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെ എന്ന ഉദ്യോഗസ്ഥനെയടക്കം അനില്‍ ദേശ്മുഖാണ് നിയമിച്ചതെന്ന് ആരോപിച്ച് പരം ബിർ സിംഗ് ഉദ്ധവ് താക്കറയ്ക്ക് കത്തയച്ചിരുന്നു. റസ്റ്ററന്‍റുകള്‍, പബ്ബുകള്‍, ബാറുകള്‍, പാര്‍ലറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം പിരിച്ച് എല്ലാ മാസവും 100 കോടി നല്‍കാന്‍ മന്ത്രി സച്ചിന്‍ വാസെയോട് ഫെബ്രുവരിയില്‍ ആവശ്യപ്പെട്ടെന്നും നിരവധി കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് മന്ത്രി ഇടപെട്ടെന്നും ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളുടെ സംഘം ബുധനാഴ്ച ഗവർണറെ സന്ദർശിച്ച് താക്കറെയിൽ നിന്ന് വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര പൊലീസിലെ ഐപിഎസ്, ഐപിഎസ് ഇതര ഉദ്യോഗസ്ഥർ എന്നിവരുടെ ട്രാൻസ്ഫർ പോസ്റ്റിങിനുള്ള റാക്കറ്റിനെ സംബന്ധിച്ച് ആരോപണങ്ങളുള്ള റിപ്പോര്‍ട്ട് ഫഡ്നാവിസ് ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാവുന്നതാണെന്ന് കാണിച്ച് അനില്‍ ദേശ്മുഖ് മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്.