മുംബൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ നവംബർ ആറ് വരെ ഇഡി (Enforcement Directorate(ED)) കസ്റ്റഡിയിൽ വിടാൻ മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതി ഉത്തരവിട്ടു.
ദേശ്‌മുഖിന് വീട്ടിൽ നിന്നും ഭക്ഷണവും മരുന്നും എത്തിച്ചുനൽകണമെന്ന അപേക്ഷ കോടതി അനുവദിച്ചു. കോടതി ഉത്തരവ് പ്രകാരം ഇയാളുടെ അഭിഭാഷകരെയും ചോദ്യം ചെയ്യലിൽ ഹാജരാകാൻ അനുവദിക്കും.
ALSO READ:കള്ളപ്പണം വെളുപ്പിക്കൽ : വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ
സാമ്പത്തിക തട്ടിപ്പ് നടത്തിയതായി മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിങ് ആരോപിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ദേശ്‌മുഖ് അറസ്റ്റിലായത്. ആഭ്യന്തര മന്ത്രിയായിരിക്കെ, പിരിച്ചുവിട്ട അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സച്ചിൻ വാസെയോട് മുംബൈയിലെ ഹോട്ടലുകളിൽ നിന്നും ബാറുകളിൽ നിന്നും പ്രതിമാസം 100 കോടി രൂപ പിരിക്കാൻ അനിൽ ദേശ്‌മുഖ് ആവശ്യപ്പെട്ടതായി ഇദ്ദേഹം ആരോപിച്ചിരുന്നു.
ഈ കേസന്വേഷണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (Prevention of Money Laundering Act (PMLA)) പ്രകാരം ഇഡി ഇദ്ദേഹത്തിന്‍റെ മൊഴി രേഖപ്പെടുത്തും. സിബിഐ എടുത്ത അഴിമതിക്കേസിന്‍റെ അടിസ്ഥാനത്തിലാണ് ദേശ്‌മുഖിനും മറ്റുള്ളവര്‍ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്.