തിരുവനന്തപുരം : ബിബിസിക്കെതിരെ വീണ്ടും വിമർശനവുമായി, മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. കശ്‌മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം എന്ന് പരാമര്‍ശിച്ച് ബിബിസിയുടെ പഴയ പോസ്‌റ്റുകൾ കൂടി ചേർത്തുകൊണ്ടാണ് അനിൽ ആന്‍റണിയുടെ ട്വീറ്റ്. വിവാദ ഡോക്യുമെന്‍ററിക്കെതിരെ നടത്തിയ പരാമർശത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അനിലിന്‍റെ പുതിയ പ്രസ്‌താവന.
അനിൽ ആന്‍റണിയുടെ പേര് നേരിട്ട് പരാമർശിക്കാതെ കോൺഗ്രസിനോടും ഭാരത് ജോഡോ യാത്രയോടുമുള്ള കടമകൾ അവഗണിച്ചുവെന്നാരോപിച്ച് അനിലിനെ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തിയിരുന്നു. അതിനാൽ ജയറാം രമേശിനേയും പാർട്ടി വക്താവ് സുപ്രിയ ശ്രീനേറ്റിനേയും ടാഗ് ചെയ്‌തായിരുന്നു പോസ്‌റ്റ്.
'കശ്‌മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ച മാധ്യമം. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്‌ത, നിക്ഷിപ്‌ത താൽപ്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമം. ബിബിസി നിലവിലെ കോൺഗ്രസിന് പറ്റിയ സഖ്യകക്ഷി' - അനിൽ ആന്‍റണി ട്വീറ്റ് ചെയ്‌തു.
ബിബിസി ഡോക്യുമെന്‍ററിക്കെതിരെ വിമർശനം : 2002 ലെ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററിക്കെതിരെയാണ് അനിൽ ആന്‍റണി ആദ്യം വിമർശനവുമായി എത്തിയത്. വിവാദത്തിന് പിന്നാലെ അനിൽ കോൺഗ്രസിലെ എല്ലാ പദവികളിൽ നിന്നും രാജിവച്ചിരുന്നു. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ടുള്ള ട്വീറ്റ് പിൻവലിക്കാൻ വേണ്ടി നിരവധിപേർ ആവശ്യപ്പെട്ടതായും പാർട്ടിക്കുള്ളിൽ നിന്നുപോലും തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപങ്ങളുണ്ടായെന്നും അനിൽ ആരോപിച്ചിരുന്നു.