മുംബൈ: വ്യവസായിയും റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാനുമായ അനില്‍ അംബാനി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്‍പാകെ ഹാജരായതായി റിപ്പോര്‍ട്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്മെന്‍റ് ആക്‌ടിന്‍റെ(ഫെമ) വിവിധ വകുപ്പുകള്‍ പ്രകാരം ഫയല്‍ ചെയ്‌ത പുതിയ കേസുമായി ബന്ധപ്പെട്ടാണ് അനില്‍ അംബാനി മൊഴി രേഖപ്പെടുത്താനായി എത്തിയത്. ഇന്ന് രാവിലെ ഇ.ഡിയുടെ മുംബൈ ഓഫിസിലാണ് മൊഴി നല്‍കാനായി അദ്ദേഹം എത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ 2020ല്‍ അനില്‍ അംബാനി എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് മുന്‍പാകെ ഹാജരായിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലധികം വരുന്ന വെളിപ്പെടുത്താത്ത ഫണ്ടുകളിൽ നിന്ന് 420 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് 2022 ഓഗസ്റ്റിൽ കള്ളപ്പണ വിരുദ്ധ നിയമപ്രകാരം അംബാനിക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു.
ഈ കേസിൽ കഴിഞ്ഞ വര്‍ഷം ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ഇളവ് നൽകി. 2022 നവംബർ 17 വരെ അനിൽ അംബാനിക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്ന് ആദായനികുതി വകുപ്പിനോട് ബോംബൈ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ തുക വെളിപ്പെടുത്താത്തതിന് അനിൽ അംബാനിക്ക് ആദായനികുതി അധികൃതർ നൽകിയ പ്രോസിക്യൂഷൻ നോട്ടിസും കോടതി സ്റ്റേ ചെയ്‌തു.
വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അധികാരികളോട് മനപൂര്‍വ്വം വെളിപ്പെടുത്തിയില്ലെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ് അനിൽ അംബാനിക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കാരണം കാണിക്കൽ നോട്ടിസ് ഓഗസ്‌റ്റ് ആദ്യവും അദ്ദേഹത്തിന് നൽകി.
അടുത്തിടെ ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ എറ്റവും സമ്പന്നരുടെ ആഗോള പട്ടികയില്‍ അനില്‍ അംബാനിയുടെ സഹോദരനും റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത് എത്തിരുന്നു. 37ാമത് ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ എറ്റവും സമ്പന്നനായ എഷ്യക്കാരന്‍ എന്ന പദവി അദ്ദേഹം നിലനിര്‍ത്തുകയും ചെയ്‌തു. 90.7 ബില്യണ്‍ ഡോളര്‍ ആസ്‌തിയുളള മുകേഷ് അംബാനി കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്നു.
ഈ വര്‍ഷത്തെ എറ്റവും പുതിയ കണക്കനുസരിച്ച് മുന്‍ മൈക്രോസോഫ്‌റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍, ഗൂഗിള്‍ സ്ഥാപകരായ ലാറി പേജ്, സെര്‍ജി ബ്രിന്‍, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്, ഡെല്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ മൈക്കല്‍ ഡെല്‍ എന്നിവരെക്കാള്‍ ഉയര്‍ന്ന റാങ്കിലാണ് അംബാനിയുടെ സ്ഥാനം. അതേസമയം കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം ആദാനി ഈ വര്‍ഷം 24ാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്.
Also Read:Marunadan malayali | 'മറുനാടന്‍ മലയാളി'യുടെ ഓഫിസുകളിലും റിപ്പോര്‍ട്ടര്‍മാരുടെ വീടുകളിലും റെയ്‌ഡ്, മിന്നല്‍ പരിശോധനയുമായി പൊലീസ്