അമരാവതി:ബ്ലാക്ക് ഫംഗസ് രോഗികൾക്ക് കുത്തിവെപ്പിനുള്ള 3,000 ഡോസ് മരുന്നുകൾ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി. 2,000 ഡോസ് മരുന്നുകൾ കൂടി ഉടൻ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ രോഗിക്കും ആഴ്ചയിൽ കുറഞ്ഞത് 50 ഡോസ് മരുന്നെങ്കിലും നൽകണം. പക്ഷേ, സംസ്ഥാനത്തിന് ലഭിച്ചത് 3,000 ഡോസ് മാത്രമാണ്. 2,000 ഡോസ് മരുന്ന് ഉടന് അയയ്ക്കും. കഴിയുന്നത്ര മരുന്ന് ലഭിക്കാൻ കേന്ദ്രസർക്കാരിന് സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കൊവിഡ് അവസ്ഥയെ പറ്റി കലക്ടർമാരുമായും എസ്പികളുമായും വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം ചർച്ച നടത്തി. കൊവിഡ് രോഗബാധിരുടെ എണ്ണം സംസ്ഥാനത്ത് കുറഞ്ഞു വരികയാണ്. കൊവിഡിനെതിരെ പോരാടിയ എല്ലാ ജീവനക്കാരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതുവരെ 23,69,164 പേർക്ക് വാക്സിന്റെ രണ്ട് ഡോസുകളും ലഭിച്ചു. 33,11,697 പേർക്ക് ആദ്യ ഡോസ് വാക്സിനും നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് വാക്സിൻ ഉത്പാദനം വളരെ കുറവാണ്. രാജ്യത്തിന് 172 കോടി ഡോസും സംസ്ഥാനത്തിന് ഏഴ് കോടി ഡോസും ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു. സർക്കാർ ആശുപത്രികൾക്കും സ്വകാര്യ ആശുപത്രികൾക്കും സർക്കാർ റെംഡെസിവിർ നൽകുന്നുണ്ട്. ആഴ്ചയിൽ 50,000ത്തോളം കുത്തിവയ്പ്പുകൾ സർക്കാർ ആശുപത്രികളിലേക്കും 60,000ത്തോളം സ്വകാര്യ ആശുപത്രികളിലേക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.