വിശാഖപട്ടണം: വീട്ടിലുള്ളവരുടെ എണ്ണവും മറ്റ് സ്വത്തുവകകളുടെയും വിവരങ്ങളും ശേഖരിക്കുന്ന പലതരം സര്‍വേകളും നമ്മള്‍ കണ്ടുകാണും. സര്‍ക്കാറിന്‍റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ, നടപ്പിലാക്കാന്‍ ഉദ്യേശിക്കുന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹര്‍ ആരെല്ലാം തുടങ്ങി ഒട്ടനേകം വിഷയങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാകും ഈ സര്‍വേകളില്‍ പ്രാഥമികമായും നടക്കുക. സമൂഹമാധ്യമങ്ങള്‍ വല്ലാതെ പടര്‍ന്നുപന്തലിച്ച കാലഘട്ടമായതിനാല്‍ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ടും, പൊതുജനാഭിപ്രായം മനസിലാക്കാനും മറ്റുമുള്ള ഓണ്‍ലൈന്‍ സര്‍വേ പോളുകളും നിലവിലുണ്ടാകാറുണ്ട്. എന്നാല്‍ വേറിട്ട ഒരു സര്‍വേയുമായി ഇറങ്ങിയിരിക്കുകയാണ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് കീഴിലുള്ള ആന്ധ്രാപ്രദേശിലെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍.
നല്ല 'തകര്‍പ്പന്‍' ചോദ്യങ്ങള്‍: നിങ്ങളുടെ വീട്ടിൽ വിവാഹേതര ബന്ധങ്ങള്‍ ഉള്ളവരുണ്ടോ?, ഒന്നിലധികം ലൈംഗിക ബന്ധങ്ങൾ ഉണ്ടോ? തുടങ്ങി വിചിത്രമായ ചോദ്യങ്ങളാണ് സര്‍വേയിലുള്ളത്. വില്ലേജ്, വാർഡ് സെക്രട്ടേറിയറ്റ് ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും ഉപയോഗിച്ച് സംസ്ഥാന സർക്കാർ നടത്തിയ സർവേയില്‍ ഒന്നിലധികം തവണ വിവാഹം കഴിച്ചിട്ടുണ്ടോ എന്നും ഇതുമായി ബന്ധപ്പെട്ട് പഴയ വല്ല കേസുകളും നിലവിലുണ്ടോ എന്നുമെല്ലാം ചോദ്യങ്ങളായി വരുന്നുണ്ട്. എന്നാല്‍ വീട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു പോകുന്ന ഇത്തരം ചോദ്യങ്ങള്‍ തമാശയായി ചോദിച്ചു പോവുകയല്ല എന്നാണ് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന വിശദീകരണം.
എല്ലാം നല്ലതിനാണെന്ന് ഓര്‍ക്കുമ്പോള്‍:'കുറ്റകൃത്യത്തിലേക്ക് നയിച്ചേക്കാവുന്ന പഴയ വൈരാഗ്യത്തിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുക' എന്ന ഉദ്യേശത്തോടെയാണ് ഈ സര്‍വേ എന്നാണ് ചോദ്യാവലിയുമായി വീടുകള്‍ കയറിയിറങ്ങുന്ന പൊലീസ് വകുപ്പ് വ്യക്തമാക്കുന്നത്. ഇതിനായി വനിതാ പൊലീസുകാരും സന്നദ്ധ പ്രവർത്തകരും അവര്‍ക്ക് അനുവദിച്ച പ്രദേശങ്ങളില്‍ ചെന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിക്കുന്നു. വീടുകളിലെത്തി ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ വനിത പൊലീസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും ചിലയിടങ്ങളില്‍ ചോദ്യങ്ങളോട് ശക്തമായ എതിര്‍പ്പുണ്ടാകുന്നതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതെല്ലാം തന്നെ കുറ്റകൃത്യങ്ങളെ ചെറുക്കാനാണുള്ളതാണെന്ന ബോധ്യമാണ് മുന്നോട്ടുപോകാന്‍ പ്രചോദനമെന്നും ഇവര്‍ പറയുന്നു.
എല്ലാം രേഖയിലുണ്ട്: ഈ ചോദ്യങ്ങളെ കൂടാതെ സ്വത്ത് തര്‍ക്കം, അതിര്‍ത്തി തര്‍ക്കം, ഗാര്‍ഹിക പീഡന കേസുകള്‍, മദ്യപാനം, പൂവാലശല്യം, പരസ്യമായ മദ്യപാനം, ജാതി മത രാഷ്‌ട്രീയ വിരോധം തുടങ്ങിയ വിവരങ്ങളും സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്. നിര്‍ദിഷ്‌ട ഘടനയിലുള്ള ഇത്തരം 12 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് സംഘം വിവരങ്ങളായി ശേഖരിക്കുന്നത്. കുറച്ച് ദിവസങ്ങളായി പൊതുജനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഈ വിവരങ്ങള്‍ അതാത് ദിവസം വൈകുന്നേരം ഏഴ് മണിക്ക് മുമ്പ് ബന്ധപ്പെട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് (എസ്‌എച്ച്‌ഒ) സമര്‍പ്പിക്കുന്നുമുണ്ടെന്നാണ് വിശദീകരണം.
ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറിയോ?: അതേസമയം സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സര്‍വേക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രാഷ്‌ട്രീയ എതിരാളികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ അനുഭാവികളെയും പാര്‍ട്ടി വിരുദ്ധരെയും ദ്രോഹിക്കാന്‍ പൊലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതെന്നാണ് ഇവരുടെ ആരോപണം. ജനങ്ങളില്‍ നിന്നും ഏറെ സ്വകാര്യവും സെന്‍സിറ്റീവുമായ വിവരങ്ങള്‍ ശേഖരിച്ചത് വഴി വോളന്‍റിയര്‍മാര്‍ ശരിയായ മുറയ്‌ക്കുള്ള തെരഞ്ഞെടുപ്പിനെ അട്ടിമറിക്കപ്പെടുമോ എന്നും ഇവര്‍ ആശങ്കയുയര്‍ത്തുന്നുണ്ട്.