അമരാവതി: കള്ളക്കേസിൽ കുടുക്കി പൊലീസ് മർദിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം. കിഴക്കൻ ഗോദാവരി ജില്ലയിലെ ബാലുസുലപേട്ട സ്വദേശിയായ അലപ്പു ഗിരീഷ് ബാബുവിനെ (24) കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഗിരീഷ് ബാബുവിനെതിരെ ഒരു സ്ത്രീയും ഭർത്താവും ചേർന്ന് വ്യാജ പീഡനപരാതി നൽകി. തുടർന്ന് താൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയ്‌ക്കെതിരായി മത്സരിച്ചതിന്‍റെ പ്രതികാരമെന്നോണം ഭരണകക്ഷി കൗൺസിലറുടെയും മറ്റ് നേതാക്കളുടെയും സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് ഗിരീഷ് ബാബുവിനെതിരെ കള്ളക്കേസ് ചുമത്തുകയാണുണ്ടായതെന്ന് ആത്മഹത്യ ചെയ്‌ത ഗിരീഷ് ബാബുവിന്‍റെ സഹോദരൻ പറയുന്നു. തുടർന്ന് എസ്‌ഐ തന്‍റെ സഹോദരനെ ദിവസവും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും അതിൽ മനംനൊന്താണ് ഗിരീഷ് ബാബു ആത്മഹത്യ ചെയ്തതെന്നും സഹോദരൻ ആരോപിക്കുന്നു.