തിരുപ്പതി : ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ ആശുപത്രിക്ക് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കുന്നതിനായി ജഡം കത്തിച്ചതാണെന്ന് പൊലീസ് കണ്ടെത്തി.
'വിവാഹേതര ബന്ധമെന്ന് സംശയം'
ജൂൺ 23 ന് റുയ ആശുപത്രിക്ക് സമീപമാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ എന്‍ജിനീയറായ ശ്രീകാന്ത് റെഡ്ഡിയാണ് കൊല നടത്തിയത്.
മറ്റൊരാളുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് റെഡ്ഡി യുവതിയുടെ ജീവനെടുത്തത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലക്കാരിയായ ഭുവനേശ്വരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്.
കൊവിഡ് മൂലമാണ് ഭാര്യ മരിച്ചതെന്നും ശവസംസ്‌കാരം ആശുപത്രി അധികൃതരാണ് നടത്തിയതെന്നും റെഡ്ഡി കുടുംബത്തെ വിശ്വസിപ്പിച്ചു. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥനായ യുവതിയുടെ ബന്ധു വിശ്വാസത്തിലെടുത്തില്ല.