അമരാവതി: ബി.ഫാം വിദ്യാര്‍ഥികള്‍ അനധികൃതമായി നടത്തിയ ലിംഗമാറ്റ ശസ്‌ത്രക്രിയ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡറിന് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് നെല്ലൂരിലെ സ്വകാര്യ കോളജിലെ വിദ്യാർഥികളായ മസ്‌താന്‍, ശിവ എന്നിവരാണ് ശസ്‌ത്രക്രിയ നടത്തിയത്. പ്രകാശം ജില്ലയിലെ ജരുഗുമല്ലി കാമേപ്പള്ളി ഗ്രാമത്തിലെ ബി ശ്രീകാന്ത് എന്ന അമൂല്യയാണ് (28) സംഭവത്തില്‍ മരിച്ചത്.
ജനനേന്ദ്രിയം നീക്കം ചെയ്‌തശേഷം കടുത്ത രക്തസ്രാവമുണ്ടായതാണ് മരണകാരണം. ഒളിവില്‍പ്പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമാക്കിയതിങ്ങനെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതനായിരുന്നു ശ്രീകാന്ത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഭാര്യ അദ്ദേഹത്തെ പിരിഞ്ഞു.
പ്രതികളുമായുള്ള ബന്ധം സോഷ്യല്‍ മീഡിയ വഴി
നാല് വര്‍ഷം മുന്‍പ് തന്‍റെ വീടുവിട്ടിറങ്ങിയ അദ്ദേഹം ഓങ്കോള്‍ പ്രദേശത്ത് താമസമാക്കി. തുടര്‍ന്ന്, വിശാഖപട്ടണം സ്വദേശിയായ അശോക് എന്ന മൊണാലിസയുമായി ശ്രീകാന്ത് സൗഹൃദത്തിലായി. ആറ് മാസം മുന്‍പ് ഇരുവരും നെല്ലൂരിലെ ബി.ഫാം നാലാം വർഷ വിദ്യാർഥികളുമായി സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടു. മസ്‌താന്‍, ശിവ എന്ന വിദ്യാര്‍ഥികളുമായുള്ള ശ്രീകാന്തിന്‍റെയും മൊണാലിസയുടെയും ബന്ധം കാലക്രമേണ വളര്‍ന്നു.
ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താന്‍ താത്‌പര്യമുണ്ടെന്നും അതിനായി മുംബൈയില്‍ പോവാന്‍ പദ്ധതിയുണ്ടെന്നും ശ്രീകാന്ത് ഇവരോട് പറയുകയുണ്ടായി. ഇതിന് ലക്ഷക്കണക്കിന് രൂപ ചെലവ് വരുമെന്ന് ജീവ മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ബി.ഫാം വിദ്യാർഥികളായതിനാൽ ശസ്‌ത്രക്രിയ നടത്താന്‍ കഴിയും. കുറഞ്ഞ ചെലവിൽ ശസ്‌ത്രക്രിയ ചെയ്‌ത് തരാമെന്നും മസ്‌താനും ശിവയും ശ്രീകാന്തിന് ഉറപ്പുനല്‍കി. ഇത് വിശ്വസിച്ച്, ഫെബ്രുവരി 23ന് നെല്ലൂരിലെ ഒരു ലോഡ്‌ജിൽ ശസ്‌ത്രക്രിയയ്‌ക്കായി മുറിയെടുത്തു.
മരണം സംഭവിച്ചതോടെ ഒളിവില്‍പ്പോയി പ്രതികള്‍
24 -ാം തിയതി ശ്രീകാന്തിനെ ഓപ്പറേഷന് വിധേയമാക്കി. ജനനേന്ദ്രിയം നീക്കം ചെയ്‌തതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും നാഡിമിടിപ്പ് കുറയുകയുമുണ്ടായി. മരുന്നുകളുടെ അമിതോപയോഗവും മരണത്തിന് കാരണമായെന്നാണ് നിഗമനം. ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ച മസ്‌താനും ജീവയും മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു.
സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ലോഡ്‌ജ് ജീവനക്കാർ വെള്ളിയാഴ്ച പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.
ALSO READ:ബജ്‌രംഗ്‌ദൾ പ്രവർത്തകന്‍റെ മർദ്ദനമേറ്റ ദലിത് കോൺഗ്രസ് പ്രവർത്തകൻ മരിച്ചു