അമരാവതി:ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നത്തിന് തിരിച്ചടിയാണ് ആന്ധ്രയുടെ ഈ ചുവട് മാറ്റം.വീടുവീടാന്തരം കയറിയിറങ്ങി പച്ചക്കറി വില്‍ക്കുന്ന സ്ത്രീകള്‍ വരെ ഡിജിറ്റല്‍ ഇടപാടുകളുടെ വക്താക്കളാണ് ഇന്ത്യയില്‍. രാജ്യത്തെ ബഹുഭൂരിപക്ഷം പേരും ഗൂഗിള്‍ പേയോ, ഫോണ്‍ പേയോ പേടിഎമ്മോ ഉപയോഗിക്കുന്നു. രാജ്യമെമ്പാടുമുളള ഗ്രാമാന്തരങ്ങളില്‍ പോലും യുപിഐ ഇടപാടുകള്‍ വ്യാപകമായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ആന്ധ്രയില്‍ ഒരു പിന്നോട്ട് പാച്ചില്‍.
കാഷ് ഒണ്‍ലി ബോര്‍ഡ് കണ്ട് ഞെട്ടുകയാണ് ജനങ്ങള്‍ :2020ല്‍ രാജ്യത്ത് 2550 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ ആണ് നടന്നത്. ഈ രംഗത്ത് ഇന്ത്യ തന്നെ ആയിരുന്നു അക്കൊല്ലം ഏറ്റവു മുന്നിലുള്ള രാജ്യം. എന്നാലിതാ ആന്ധ്രയില്‍ ഡിജിറ്റല്‍ മണിക്ക് പ്രസക്തി നഷ്ടമാവുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കറന്‍സി ഇടപാടുകളില്‍ അടുത്ത കാലത്ത് 90ശതമാനം വര്‍ദ്ധനയുണ്ടായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിജിറ്റല്‍ ഇടപാടുകളാണ് ജനങ്ങള്‍ക്ക് ഏറെ സൗകര്യം. പേഴ്സ് മറന്നാലോ ഇനി പേഴ്സ് കാലിയാണെങ്കിലോ പ്രശ്നമില്ല പണമിടപാടുകള്‍ എല്ലാം നമുക്ക് ഡിജിറ്റലായി നടത്താം. സര്‍ക്കാര്‍ സംവിധാനങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം ഡിജിറ്റല്‍ ഇടപാടുകള്‍ ആണ് നാമിപ്പോള്‍ നടത്തുന്നത്. ആന്ധ്രാപ്രദേശില്‍ ഒഴികെ രാജ്യമെല്ലാടവും ഇതാണ് സ്ഥിതി. ആന്ധ്രയില്‍ മദ്യഷാപ്പുകളിലോ ബസുകളിലോ ഡിജിറ്റല്‍ ഇടപാടുകളില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ പോലും കാഷ് ഒണ്‍ലി ബോര്‍ഡ് കണ്ട് ഞെട്ടുകയാണ് ജനങ്ങള്‍.
പോക്കറ്റ് കാലിയാണെങ്കില്‍ ബസില്‍ പോകാന്‍ കഴിയില്ല :ആന്ധ്രയില്‍ ബസില്‍ കയറണമെങ്കില്‍ നിങ്ങള്‍ ആദ്യം എടിഎമ്മില്‍ പോയി കാശെടുക്കണം. വിജയവാഡ നെഹ്റു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആയിരക്കണക്കിന് സംസ്ഥാനാന്തര സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ ദിവസവും വന്ന് പോകുന്നുമുണ്ട്. തൊട്ടടുത്ത സംസ്ഥാനങ്ങളിലെ കണ്ടക്ടര്‍മാര്‍ ഡിജിറ്റല്‍ പേയ്മെന്‍റിലൂടെയാണ് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കുന്നത്. തെലങ്കാന സര്‍ക്കാര്‍ എല്ലാ ബസുകളിലും ഐടിമ്സ്(iTIMS) സംവിധാനം ഏര്‍പ്പെടുത്തുകയും ജീവനക്കാര്‍ക്ക് ഇതില്‍ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത് കാശിന്‍റെ ആവശ്യം ഇല്ലാതാക്കുകയും ടിക്കറ്റ് നല്‍കല്‍ എളുപ്പമാക്കി മാറ്റുകയും ചെയ്തു.