ഷിംല: ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സംസ്ഥാന കോൺഗ്രസിന്‍റെ പ്രധാന ചുമതലയില്‍ നിന്നും രാജിവച്ച് പ്രമുഖ നേതാവ് ആനന്ദ് ശർമ. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. സ്റ്റിയറിങ് കമ്മിറ്റി സ്ഥാനത്തുനിന്നാണ് ശര്‍മയുടെ രാജി.
എന്നാല്‍, താന്‍ ചുമതലയില്‍ നിന്നും ഒഴിഞ്ഞെങ്കിലും കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കുമെന്ന്, പാർട്ടി അധ്യക്ഷയ്‌ക്ക് അദ്ദേഹം കത്തിലൂടെ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വര്‍ഷം നവംബറിലാണ് ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടിയാലോചനകളില്‍ നിന്നും തന്നെ അവഗണിച്ചതായി, കോണ്‍ഗ്രസ് വിമത സംഘമായ 'ജി-23' യിലെ പ്രമുഖനും കൂടിയായ ശർമ കോൺഗ്രസ് അധ്യക്ഷക്കെഴുതിയ കത്തില്‍ വ്യക്തമാക്കി. രാജ്യസഭയിലെ കോൺഗ്രസ് ഉപനേതാവ് കൂടിയായ ആനന്ദ് ശര്‍മയെ ഏപ്രിൽ 26 നാണ് ഹിമാചൽ പ്രദേശിലെ പാർട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായി നിയമിച്ചത്.