ഹൈദരാബാദ്: പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. നീലഗിരി മലനിരകളിലൂടെ ജാവ ബൈക്കിലൂടെ സഞ്ചരിക്കുന്നയാൾ പെട്ടെന്ന് റോഡിൽ ഒരു കൂട്ടം കരടിയെ കാണുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളും അടങ്ങിയതാണ് വീഡിയോ.
തമിഴ്‌നാട്ടിലെ പച്ചപുതച്ച നീലഗിരി കുന്നുകളിലൂടെ തേയിലത്തോട്ടത്തിന്‍റെ മനോഹാരിതയെ വർണിച്ച് വീഡിയോ റെക്കോഡ് ചെയ്തുകൊണ്ട് ബൈക്കിൽ യാത്രചെയ്യുന്നയാളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ പെട്ടന്ന് അയാൾ റോഡിൽ നിൽക്കുകയായിരുന്ന കരടി കൂട്ടങ്ങളെ കണ്ട് വണ്ടി നിർത്തുന്നു.
തുടർന്ന് വീഡിയോ സൂം ചെയ്യുമ്പോഴാണ് മൂന്ന് കരടികളടങ്ങുന്ന ഒരു കുടുംബമാണ് അതെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുന്നത്. റോഡിന്‍റെ നടവിലായി ആരെയും കൂസാക്കാതെ ഇരിക്കുന്ന കരടിക്കൂട്ടത്തെ വളരെ വ്യക്തമായി വീഡിയോയിൽ കാണാൻ സാധിക്കും.
ALSO READ:കടലില്‍ കാണാനൊരുങ്ങി വിക്രാന്ത്, രാജ്യത്തിനൊപ്പം കൊച്ചിക്കും അഭിമാനം
കുറച്ച് കഴിഞ്ഞ് അതിൽ ഒരു കരടി റോഡരികിലെ ചെറിയ മതിലിലേക്ക് കയറുമ്പോൾ അവർ പോകാൻ ഒരുങ്ങുകയാണെന്നാണ് വീഡിയോ എടുത്ത യാത്രക്കാരനും കാണുന്ന നാമോരോരുത്തരും വിചാരിക്കുക. എന്നാൽ ഞൊടിയിടയിൽ കൂട്ടത്തിലെ ഏറ്റവും വലിയ കരടി ബൈക്ക് യാത്രക്കാരന്‍റെ നേർക്ക് അയാളെ ആക്രമിക്കാനായി ഓടി വരുന്നു. യാത്രക്കാരൻ അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
'നീലഗിരിയിലെവിടെയോ...നിങ്ങൾക്ക് അഡ്രിനാലിൻ വർധനവ് അനുഭവപ്പെടണമെങ്കിൽ വീഡിയോയുടെ അവസാനം വരെ കാത്തിരിക്കുക. ജാവ മോട്ടോർ സൈക്കിൾസ് ടീമിനോട്; നമ്മുടെ ബൈക്കുകളിൽ ഒരു കരടി മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കേണ്ടതുണ്ട്...' , വീഡിയോ പങ്ക് വെച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
ജൂൺ 24 ന് പോസ്റ്റുചെയ്ത ഈ വീഡിയോയ്ക്ക് 1,332,000 ഓളം കാഴ്ച്ചക്കാർ ഇതുവരെയുണ്ട്. കൂടാതെ 5,000ലധികം ലൈക്കുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, കരടികൾ ആക്രമിക്കാൻ വന്നെങ്കിലും ബൈക്കർ സുരക്ഷിതമായി രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.