മുംബൈ: മഹാരാഷ്‌ട്രയിലെ വിരാർ പാൽഘറിൽ ട്രെയിൻ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് അപകടം നടന്നത്. പാൽഘർ സ്വദേശികളായ ദമ്പതികളായ അജിത് പട്ടേൽ (28), സീമ പട്ടേൽ (26), ഇവരുടെ മൂന്ന് മാസം പ്രായമുള്ള മകൻ ആര്യൻ എന്നിവരാണ് മരിച്ചത്.
മൂവരും വിരാറിൽ റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം നടന്നത്. സൂറത്തിൽ നിന്നാണ് ഇവർ വിരാറിൽ എത്തിയത്.
ട്രെയിൻ തട്ടി മലയാളി മരിച്ചു : കഴിഞ്ഞ മാസം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ചെന്നൈയിൽ വച്ച് മലയാളി വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചിരുന്നു. കൊല്ലം സ്വദേശിനിയായ നിഖിതയാണ് മരിച്ചത്. താംബരം സ്വകാര്യ കോളജിൽ ഒന്നാം വർഷ എംഎസ്‌സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഫോണിൽ സംസാരിച്ച് ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംസാരത്തിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് മരണത്തിന് കാരണമായത്. സംഭവസ്ഥത്തുണ്ടായിരുന്ന നാട്ടുകാർ വിവരമറിയിച്ചതിന് ശേഷം പൊലീസെത്തിയാണ് മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചത്.