പഞ്ചാബ്/അമൃത്‌സർ ഈസ്റ്റ്: അഞ്ച് സംസ്ഥാനങ്ങളിലായി അടുത്ത മാസങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാകുകയാണ് പഞ്ചാബിലെ അമൃത്‌സർ ഈസ്റ്റ്. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്‍റ് നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് സ്ഥാനാർഥിയാകുമ്പോൾ അകാലിദൾ സ്ഥാനാർഥിയായി കമാൻഡർ ബിക്രം സിങ് മജീതിയ ഗോദയിലിറങ്ങും. ഒരു സമയം സുഹൃത്തുക്കളായിരുന്ന ഇരുവരും നേർക്കുനേർ പോരടിക്കുമ്പോൾ ഹോട്ട് സീറ്റായി മാറുകയാണ് അമൃത്‌സർ ഈസ്റ്റ് നിയമസഭ മണ്ഡലം.
കിഴക്കൻ പഞ്ചാബിൽ സിഖ് സമൂഹം കൂടുതലുള്ള പ്രദേശം കൂടിയാണ് അമൃത്‌സർ ഈസ്റ്റ്. മണ്ഡലത്തിലെ പ്രശ്‌നങ്ങൾ ചർച്ചയാകുന്നതിനേക്കാൾ കോൺഗ്രസ്-എസ്എഡി സ്ഥാനാർഥികളുടെ വാഗ്വാദങ്ങളാകും അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഗോദ ഇനി കാണാൻ പോകുന്നത്. പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച സിദ്ദുവിന് എന്നാൽ പാർട്ടിക്കുള്ളിലെ വിഭാഗീയത തിരിച്ചടിയാകുമെന്നും വിലയിരുത്തലുകളുണ്ട്.
ബിക്രം സിങ് മജീതിയയുടെ സ്ഥാനാർഥിത്വം
അമൃത്‌സർ ഈസ്റ്റിലേക്ക് ശിരോമണി അകാലിദൾ സ്ഥാനാർഥിയായി ബിക്രം സിങ് മജീതിയയെ പ്രഖ്യാപിച്ചതോടെയാണ് അമൃത്‌സർ ഈസ്റ്റ് മണ്ഡലം ഹോട്ട് സീറ്റായത്. സിഖ് സമൂഹം കൂടുതലുള്ള മണ്ഡലമായതിനാൽ ആംആദ്‌മി പാർട്ടിയും ബിജെപിയും നേടുന്ന വോട്ടുകൾ ഇരുവരുടെയും പോരാട്ടത്തിൽ നിർണായകമായേക്കും.
മണ്ഡലത്തിൽ മൂന്നാം സ്ഥാനമെന്ന് വിധിയെഴുതപ്പെട്ട അകാലിദൾ മജീതിയയുടെ സ്ഥാനാർഥിത്വത്തോടെ മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്‌ച വെക്കുമെന്നാണ് റിപ്പോർട്ടുകൾ. മജീതിയയുടെ സ്ഥാനാർഥിത്വം മണ്ഡലത്തിൽ വിജയം ഉറപ്പിച്ചിരുന്ന കോൺഗ്രസിന്‍റെ വിജയ സാധ്യതയിൽ മങ്ങലേറ്റിട്ടുണ്ടെന്ന് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
2017ലെ നിയമസഭ തെരഞ്ഞെടുപ്പ്
2017ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ നേർക്കുനേർ മത്സരിച്ച് ശക്തമായ പോരാട്ടമാണ് പല മണ്ഡലങ്ങളിലും കാഴ്‌ചവെച്ചത്. ലംബി, ജലാലാബാദ് മണ്ഡലങ്ങളിലെ മത്സരങ്ങൾ ഇത്തരത്തിലുള്ളതായിരുന്നു. പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ മുതിർന്ന നേതാവുമായ പർകാശ് സിങ് ബാദൽ ക്യാപ്‌റ്റൻ അമരീന്ദർ സിങ്ങുമായി കടുത്ത മത്സരമാണ് ലംബി നിയമസഭ മണ്ഡലത്തിൽ കാഴ്‌ച വെച്ചത്. പോരാട്ടത്തിൽ ക്യാപ്‌റ്റൻ അമരീന്ദർ സിങ് പരാജയം രുചിച്ചു.
ജലാലാബാദ് മണ്ഡലത്തിലും കടുത്ത പോരാട്ടമാണ് കഴിഞ്ഞ തവണയുണ്ടായത്. മണ്ഡലത്തിൽ ആംആദ്‌മി സ്ഥാനാർഥിയായി ഭാഗ്‌വന്ദ് മാൻ, കോൺഗ്രസ് സ്ഥാനാർഥി രൺവീന്ദ് സിങ് ബിട്ടു, ശിരോമണി അകാലിദൾ സ്ഥാനാർഥി സുഖ്‌ബീർ സിങ് ബാദൽ എന്നിവരാണ് എംഎൽഎ സ്ഥാനാർഥിയായി മത്സരിച്ചത്. കോൺഗ്രസിനെയും ആംആദ്‌മിയെയും വെട്ടി ജലാലാബാദിലും വിജയം അകാലിദളിന് ഒപ്പമായിരുന്നു.
പോരിന് വിളിച്ച് നേതാക്കൾ
പട്ട്യാല നിയമസഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ അമരീന്ദർ സിങ്, നവജ്യോത് സിങ് സിദ്ദുവിനെ വെല്ലുവിളിച്ചിരുന്നു. നേതാക്കൾ പരസ്‌പരം വാക്കുകൾ മൂർച്ഛിച്ച് ഉപയോഗിക്കുന്നതിനപ്പുറം നേരിട്ട് മത്സരം കാഴ്‌ചവെക്കാൻ തയ്യാറാകുന്നില്ലെന്നും നേതാക്കൾ സുരക്ഷിത സീറ്റുകൾ തേടുകയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദുവിന് എതിരാളിയായി ബിക്രം സിങ് മജീതിയയെ അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിലെത്തുന്നത്.
അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തെക്കുറിച്ച്
1951ലാണ് അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തിൽ ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശിരോമണി അകാലിദൾ സ്ഥാനാർഥിയായി മത്സരിച്ച സരൂപ് സിങ്ങാണ് പഞ്ചാബ് നിയമസഭയിൽ അമൃത്‌സർ ഈസ്റ്റ് മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച രജീന്ദർ സിങ്ങിനെയാണ് സരൂപ് സിങ് പരാജയപ്പെടുത്തിയത്. തുടർന്ന് 1957, 1962, 1967ലെ തെരഞ്ഞെടുപ്പുകളിൽ ഭാരതീയ ജൻ സംഖ് സ്ഥാനാർഥിയായി മത്സരിച്ച ബൽദേവ് പ്രകാശ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1969ലും 1972ലും നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയാണ് നിയമസഭയിലെത്തിയത്.
ബിജെപി മണ്ഡപം തിരികെപിടിച്ചത് നവജ്യോത് കൗർ സിദ്ദുവിലൂടെയായിരുന്നു. നവ്‌ജ്യോത് സിങ് സിദ്ദുവിന്‍റെ ഭാര്യയായ നവജ്യോത് കൗർ ബിജെപി ടിക്കറ്റിൽ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 42,809 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ നവ്‌ജ്യോത് സിങ് സിദ്ദുവും മണ്ഡലത്തിൽ നിന്ന് അധികാരത്തിലെത്തി.
സിദ്ദുവിനൊപ്പം നിന്ന് അമൃത്‌സർ ഈസ്റ്റ്
2004ൽ അമൃത്‌സർ പാർലമെന്‍റ് മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ വിജയം സിദ്ദുവിനൊപ്പമായിരുന്നു. പതിനെട്ട് വർഷം മുമ്പ് ഒരാളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ സിദ്ദു കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ എം.പി സ്ഥാനത്ത് നിന്ന് സിദ്ദു രാജിവച്ചിരുന്നു. എന്നാൽ തുടർന്ന് 2007ൽ നടന്ന തെരഞ്ഞെടുപ്പിലും വീണ്ടും സിദ്ദു തെരഞ്ഞെടുക്കപ്പെട്ടു.