ചണ്ഡീഗഡ്:വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കവെ, ഇയാളുടെ ഭാര്യ കിരൺദീപ് കൗർ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍. പഞ്ചാബ് പൊലീസിന്‍റെ അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ ഇന്ന് അറിയിച്ചത്. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാലുമായി മാസങ്ങള്‍ക്ക് മുന്‍പാണ് യുകെ പൗരയായ കിരൺദീപ് കൗർ വിവാഹിതയായത്.
കൗറിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 10ന് ബാബ ബകാലയിലെ ജല്ലുപൂർ ഖേര ഗ്രാമത്തിൽവച്ചാണ് ഇരുവരും വിവാഹിതരായത്. ജലന്ധറിലെ ഗുരുദ്വാര സാഹിബിലായിരുന്നു നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാധ്യമങ്ങളുടേയും ആളുകളുടേയും തിരക്ക് കാരണം അവസാന നിമിഷം വിവാഹ വേദി മാറ്റുകയായിരുന്നു. വിവാഹ ചടങ്ങിലേക്ക് മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും അമൃത്പാൽ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
'യുകെയിൽ വച്ച് ഇരുവരും എങ്ങനെ അടുത്തു ?', അന്വേഷണം:തന്‍റെ ഭാര്യ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് മടങ്ങില്ലെന്നും അവൾ പഞ്ചാബിൽ തന്നോടൊപ്പം താമസിക്കുമെന്നും വിവാഹവേളയില്‍ അമൃത്‌പാല്‍ പറഞ്ഞിരുന്നു. അമൃത്‌പാല്‍ സിങ്ങിനെതിരെയുള്ള പഞ്ചാബ് പൊലീസ് നീക്കത്തില്‍ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്‍പില്‍ സ്ഥാപിച്ച ഇന്ത്യന്‍ ത്രിവർണ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നശിപ്പിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കിരൺദീപ് കൗർ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലായത്.
യുകെയിൽ വച്ച് ഇരുവരും എങ്ങനെ പരസ്‌പരം അടുത്തു. എത്ര നാളായി പരസ്‌പരം അറിയാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടേയും രഹസ്യവിവാഹവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. അതേസമയം, അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസിന്‍റെ തെരച്ചില്‍ തുടരുകയാണ്.