ഹോഷിയാര്‍പൂര്‍ (പഞ്ചാബ്) : ഖലിസ്ഥാന്‍ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദേയുടെ തലവന്‍ അമൃത്‌പാല്‍ സിങ്ങിനായി തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ, ഇയാളുടെ സന്തത സഹചാരിയായ പപല്‍പ്രീത് സിങ്ങിനെ പിടികൂടി പൊലീസ്. പഞ്ചാബ് പൊലീസിന്‍റെ കൗണ്ടർ ഇന്‍റലിജൻസ് യൂണിറ്റാണ് ഹോഷിയാർപൂരിൽ പപൽപ്രീതിനെ പിടികൂടിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം പഞ്ചാബ് പൊലീസിന്‍റെയും ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലിന്‍റെയും സംയുക്ത ഓപ്പറേഷനിലാണ് പപല്‍പ്രീത് പിടിയിലായതെന്നാണ് വിവരം.
ജലന്ധറില്‍ വച്ച് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട അമൃത്‌പാലും പപല്‍പ്രീതും ഹോഷിയാര്‍പൂരില്‍ എത്തിയ ശേഷം വേഷംമാറി വ്യത്യസ്‌ത വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. പിടികൂടിയ പപല്‍പ്രീത് നിലവില്‍ അമൃത്‌സര്‍ റൂറല്‍ പൊലീസിന്‍റെ കസ്‌റ്റഡിയിലാണ്. എന്നാല്‍ ഫെബ്രുവരി 23-ലെ അജ്‌നാല പൊലീസ് സ്‌റ്റേഷന്‍ അക്രമണക്കേസിലും പാകിസ്ഥാൻ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നയാളാണ് പിടിയിലായ പപല്‍പ്രീത് സിങ്.
ആരാണ് പപല്‍പ്രീത് സിങ് :സാധാരണ കർഷക കുടുംബത്തിൽ ജനിച്ച പപൽപ്രീത് കോൺവെന്‍റ് സ്‌കൂളിലെ പഠനത്തിനുശേഷം പിജി ഡിപ്ലോമ പൂർത്തിയാക്കി. ഇരുപതാം വയസിന്‍റെ തുടക്കത്തില്‍ സിഖ് യൂത്ത് ഫ്രണ്ടിന്‍റെ പ്രവര്‍ത്തകനായും സംഘടനയുടെ ചാലകശക്തിയായും മാറി. ഇതിനിടെ 1990 കളുടെ തുടക്കത്തില്‍ സിഖ് തടവുകാരെ മോചിപ്പിക്കുന്നതിനായി പ്രക്ഷോഭം നടത്തിയ സിഖ് യൂത്ത് ഫെഡറേഷനുമായും (ഭിന്ദ്രന്‍വാല) പപല്‍പ്രീത് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവന്നു.
Also Read: കറന്‍സിയും പതാകയും ഭൂപടവും കണ്ടെടുത്തു, ആയുധ പരിശീലനത്തിന്‍റെ വീഡിയോയും: അമൃത്പാല്‍ സിങ് ശ്രമിച്ചത് ഖലിസ്ഥാൻ രൂപീകരിക്കാനെന്ന് പൊലീസ്
വന്ന വഴികള്‍ ഇങ്ങനെ :തുടര്‍ന്ന് 2015 ല്‍ പ്രകാശ് സിങ് ബാദലിനെതിരെ പ്രവര്‍ത്തിച്ചതിന് ജയിലിലായ നരേന്‍ സിങ് ചൗരയ്‌ക്കും, സര്‍ബത് ഖല്‍സയ്‌ക്കുമെതിരെയുള്ള കുറ്റപത്രത്തിലൂടെയാണ് പപല്‍പ്രീത് സിങ് ജനശ്രദ്ധയിലേക്കെത്തുന്നത്. ആ വര്‍ഷമാദ്യം പൊലീസ് കൊലപ്പെടുത്തിയ രണ്ട് സിഖ് യുവാക്കളുടെ മരണത്തില്‍ രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധത്തില്‍ പപല്‍പ്രീത് പങ്കെടുത്തിരുന്നു. അന്ന് അവിടെ വച്ച് നടത്തിയ പ്രസംഗത്തിനിടെ ഖലിസ്ഥാൻ മാത്രമാണ് പരിഹാരമെന്നും പപല്‍പ്രീത് പറഞ്ഞിരുന്നു.
Also Read:'അമൃത്‌പാല്‍' കാണാമറയത്ത് തന്നെ ; ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമായി പൊലീസ്, അഭയം നല്‍കിയതിന് യുവതി പിടിയില്‍
അങ്ങനെയിരിക്കെ 2016 ല്‍ സിമ്രൻജിത് സിങ് മന്നിന്‍റെ ശിരോമണി അകാലിദളില്‍ (അമൃത്‌സർ) പപല്‍പ്രീത് അംഗത്വമെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് 2017 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബര്‍ണാലയില്‍ മന്നിന് വേണ്ടി വിപുലമായ പ്രചരണ പരിപാടികളിലും പപല്‍പ്രീത് സജീവമായിരുന്നു. എന്നാല്‍ കേവലം നാല് ശതമാനത്തില്‍ താഴെ മാത്രം വോട്ടുകള്‍ നേടി മോശം പ്രകടനം കാഴ്‌ചവയ്‌ക്കാന്‍ മാത്രമാണ് സിമ്രൻജിത് സിങ്ങിന് സാധിച്ചത്. ഇതോടെ പപല്‍പ്രീത് സിങ് ശിരോമണി അകാലിദളില്‍ നിന്ന് രാജിവച്ചു. അതേസമയം ഖലിസ്ഥാനോടുള്ള പിന്തുണയെ സൂചിപ്പിക്കുന്നതിനാല്‍ തന്നെ പപല്‍പ്രീതിന്‍റെ സമൂഹമാധ്യമ പ്രൊഫൈലുകള്‍ ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ട സായുധ പ്രവര്‍ത്തകരുടെ കുടുംബങ്ങളുമായുള്ള ഇന്‍റര്‍വ്യൂകളും, ഖലിസ്ഥാൻ അനുകൂല ബുദ്ധിജീവികളുടെ സംവാദങ്ങളും ഉള്‍പ്പടെയുള്ളവയാണ് അക്കൗണ്ടിലുള്ളത്.