ചണ്ഡീഗഡ്:പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വാരിസ് പഞ്ചാബ് ദീ സംഘടന തലവൻ അമൃത്പാൽ സിങ്ങിന്‍റെ കേസിൽ സുപ്രധാന വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം അമൃത്പാൽ കേസിൽ പഞ്ചാബ് സർക്കാർ ഇന്ന് മറുപടി നൽകണം. കഴിഞ്ഞ വാദത്തിനിടെ പഞ്ചാബ് സർക്കാരിനോട് മറുപടി നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.
ഹർജിക്കാരന്‍റെ അവകാശവാദം:'വാരിസ് പഞ്ചാബ് ദേ' തലവൻ അമൃതപാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് അനധികൃത കസ്‌റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നാണ് ഹർജിക്കാരന്‍റെ വാദം. സത്യം പുറത്തുവരാൻ അമൃത്പാലിനെ ഹാജരാക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് ഉത്തരവിടണമെന്ന് ഹൈക്കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
കോടതി പഞ്ചാബ് സർക്കാരിനോട് പറഞ്ഞത്:അമൃത് പാൽ വിഷയത്തിൽ മുൻ വാദം പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ മാർച്ച് 21 ന് നടന്നിരുന്നു. അതേസമയം, പഞ്ചാബ്-ഹരിയാന ഹൈക്കോടതി പഞ്ചാബ് സർക്കാരിനെ പൂർണമായും തള്ളിയിരുന്നു. അറസ്റ്റിനായി നിങ്ങൾ പൂർണ്ണമായി സജ്ജമായിരുന്നെങ്കിൽ അമൃതപാൽ സിംഗ് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ജസ്റ്റിസ് എൻ എസ് ഷെഖാവത്ത് പഞ്ചാബ് എജിയോട് ചോദിച്ചു. ഇതോടൊപ്പം അമൃതപാൽ സിംഗ് ഒഴികെയുള്ളവരെ എങ്ങനെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നും കോടതി ചോദിച്ചു. പൊലീസ് ചമച്ച കഥ വിശ്വസിക്കുന്നില്ലെന്നും കോടതി തിരിച്ചടിച്ചിരുന്നു
അമൃത്പാൽ സിങ്ങിനെക്കുറിച്ച് നാഷണൽ സെക്യൂരിറ്റ് ഏജൻസി: മാർച്ച് 18 മുതൽ പഞ്ചാബ് പോലീസ് അമൃത്പാലിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് നാഷണൽ സെക്യൂരിറ്റ് ഏജൻസി അമൃത് പാലിനെതിരെ കേസുകൾ ചുമത്തിയിട്ടുണ്ട്. അമൃത്പാലിനായി പോലീസ് തുടർച്ചയായി റെയ്‌ഡ് നടത്തുകയും അമൃത്പാലിന്‍റെ പുതിയ ചിത്രങ്ങളും ഓരോ ദിവസവും പുറത്തുവിടുകയും ചെയ്യുന്നുണ്ട്. അതേസമയം, അമൃത്പാൽ സിംഗ് നേപ്പാളിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
അമൃത്പാൽ സിങ് നേപ്പാൾ നിരീക്ഷണ പട്ടികയിൽ:അമൃത് പാൽ സിങ് നേപ്പാളിലേക്ക് കടന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ നേപ്പാളിൽ നിന്ന് മൂന്നാമതൊരു രാജ്യത്തേക്ക് പലായനം ചെയ്യാൻ അനുവദിക്കരുതെന്നും രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒളിവിൽ കഴിയുന്ന അമൃത്പാൽ സിങ്ങിനെ നേപ്പാൾ സർക്കാർ തിങ്കളാഴ്ച നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. കാഠ്‌മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ അഭ്യർത്ഥനയെത്തുടർന്നാണ് നേപ്പാൾ അമൃത്പാലിനെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയത്.
എനർജി ഡ്രിങ്ക് കുടിച്ച് അമൃത്പാൽ; പുത്തൻ ഫോട്ടോ വൈറൽ:ഖലിസ്ഥാൻ അനുകൂല നേതാവിനായി പഞ്ചാബ് പൊലീസിന്‍റെ തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ പലയിടങ്ങളിൽ നിന്നായി അമൃത്പാലിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്‌തിരുന്നു. ഏറ്റവുമൊടുക്കം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത് അമൃത്പാൽ സിങ് പ്രധാന സഹായി പപാൽപ്രീത് സിങ്ങിനൊപ്പം ട്രക്കിന് മുകളിൽ കയറി എനർജി ഡ്രിങ്ക് കുടിച്ച് യാത്ര ചെയ്യുന്ന ചിത്രമാണ്. അതേ സമയം അമൃത്പാൽ പൊലീസ് കസ്റ്റഡിയിലാണെന്ന ശക്തമായ വാദവുമായ് വാരിസ് പഞ്ചാബ് ദീ രംഗത്തുണ്ട്.
Also Read: തുടർക്കഥയാകുന്ന യു.എസ് വെടിവയ്‌പ്പ് മരണം; ലോക പൊലീസിന് അടിച്ചമർത്താനാവാത്ത ആഭ്യന്തര പ്രശ്‌നങ്ങൾ