ചണ്ഡിഗഡ് (പഞ്ചാബ്):ഖലിസ്ഥാന്‍ അനുഭാവ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവും സ്വയം പ്രഖ്യാപിത സിഖ് മതപ്രഭാഷകനുമായ അമൃത്‌പാല്‍ സിങ്ങിനായി ആറാം നാളും തെരച്ചില്‍ സജീവം. അമൃത്‌പാലിനെ പിടികൂടുന്നതിനായി പൊലീസ് അന്തർസംസ്ഥാന ജാഗ്രതയും അതിർത്തി പ്രദേശങ്ങളില്‍ ശക്തമായ തെരച്ചിലുമാണ് നടത്തിവരുന്നത്. അതേസമയം അമൃത്‌പാല്‍ നേതൃത്വം നല്‍കുന്ന വാരിസ് പഞ്ചാബ് ദേയുടെ 150 ഓളം പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
അക്കൗണ്ട് വഴി അമൃത്‌പാലിലേക്ക്:അമൃത്‌പാലിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇതില്‍ തന്നെ 158 വിദേശ അക്കൗണ്ടുകളില്‍ നിന്ന് അമൃത്‌പാലിന് പണം ലഭിച്ചതായി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെ മജാ, മാള്‍വ മേഖലകളിലായുള്ള അമൃത്‌പാലിന്‍റെ 28 അക്കൗണ്ടുകളിലേക്ക് അഞ്ച് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായും ഏജന്‍സികള്‍ കണ്ടെത്തി. അമൃത്‌സര്‍, താണ്‍ തരണ്‍, ബടാല, ഗുര്‍ദാസ്‌പുര്‍, ജലന്ധര്‍, നവന്‍ഷഹ്‌ര്‍, കപൂര്‍ത്തല, ഫഗ്വാര എന്നിവിടങ്ങളിലും അമൃത്‌പാലിന് അക്കൗണ്ടുകളുള്ളതായും സംഘം കണ്ടെത്തിയിരുന്നു.
അന്വേഷണം 'പല'വഴി : വിദേശത്ത് നിന്നും പണമെത്തിയത് അന്വേഷിക്കുന്നതിനൊപ്പം അക്കൗണ്ടുകള്‍ തുറക്കുന്നതിനായി സമര്‍പ്പിച്ച രേഖകളും ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്. എന്നാണ് അക്കൗണ്ട് തുടങ്ങിയത്, ആദ്യ ഇടപാട് നടത്തിയ തീയതി, വിദേശത്ത് നിന്ന് പണമെത്തിയ തീയതി എന്നിവയാണ് സംഘം പരിശോധിക്കുന്നത്. ഇതില്‍ തന്നെ അമൃത്‌പാലിന് പണമെത്തിയ രാജ്യങ്ങളെക്കുറിച്ചും പ്രത്യേകം പരിശോധന നടക്കുന്നുണ്ട്. കൂടാതെ ഒരു ഇടപാടിന് ശേഷം മറ്റൊരു ഇടപാടിന് ഇടയിലെടുത്ത സമയവും ഏറ്റവുമധികം ഇടപാടുകള്‍ നടന്ന സമയവുമെല്ലാം സംഘം പരിശോധിച്ച് വരികയാണ്. ഇതുകൂടാതെ അമൃത്‌പാല്‍ സിങ്ങോ വാരിസ് പഞ്ചാബ് ദേയിലെ അംഗങ്ങളോ ഇടപാടുകള്‍ നടത്തിയ അക്കൗണ്ടുകളും വാരിസ് പഞ്ചാബിന്‍റെയും അനന്ദ്‌പൂര്‍ ഖല്‍സ ഫോഴ്‌സ് അംഗങ്ങളുടെ സ്വത്തുവകകളും സംഘം അന്വേഷിക്കുന്നുണ്ട്.
ഒളിവിലും 'വൈറലായി' അമൃത്‌പാല്‍ :ഇതിനിടെ അമൃത്‌പാലിന്‍റേതായി ഒരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമൃത്‌പാലിനെ പിടികൂടുന്നതിനായി പൊലീസ് സംഘം ഓപ്പറേഷന്‍ നടത്തുകയും ഏഴുപേരെ പിടികൂടുകയും ചെയ്‌ത ദിവസം, ദൂരെ നിന്നും തന്‍റെ വാഹനത്തില്‍ നിന്നിറങ്ങുന്ന അമൃത്‌പാല്‍ സിങ്ങാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ജലന്ധറിലെ നംഗൽ അംബിയ ഗ്രാമത്തിൽ മറ്റൊരു വാഹനത്തിനുള്ളിൽ ഇരിക്കുന്ന അമൃത്പാലിന്‍റെ ഫോട്ടോയും വൈറലായിട്ടുണ്ട്. എന്നാല്‍ പൊലീസ് എത്തിയതോടെ അമൃത്‌പാല്‍ കാര്‍ ഉപേക്ഷിച്ച് മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഷാഹ്‌കോട്ടില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയായുള്ള ഫില്ലൗർ നൂർ മഹൽ റോഡിലെ കനാലിന് സമീപത്തുനിന്നാണ് ഈ മോട്ടോര്‍ സൈക്കിള്‍ കണ്ടെടുക്കുന്നത്.
'അഭയം നല്‍കി' അകത്തായി :എന്നാല്‍ അമൃത്‌പാല്‍ സിങ്ങിനും കൂട്ടാളിയായ പപല്‍പ്രീത് സിങ്ങിനും അഭയം നല്‍കിയെന്നാരോപിച്ച് ഒരു യുവതിയെ ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌തു. കുരുക്ഷേത്ര ജില്ലയിലെ തന്‍റെ വീട്ടില്‍ വാരിസ് പഞ്ചാബ് ദേ നേതാവായ അമൃത്‌പാല്‍ സിങ്ങിനും കൂട്ടാളി പപല്‍പ്രീത് സിങ്ങിനും ഒളിയിടം ഒരുക്കി നല്‍കിയെന്നാരോപിച്ച് ബല്‍ജിത് കൗര്‍ എന്നുപേരുള്ള യുവതിയെ ഷാഹാബാദില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. യുവതിക്ക് പപലല്‍പ്രീത് സിങ്ങുമായി രണ്ട് വര്‍ഷത്തോളമായി അടുപ്പമുണ്ടെന്നും കഴിഞ്ഞദിവസം പൊലീസ് വളഞ്ഞപ്പോള്‍ മോട്ടോര്‍ സൈക്കിളില്‍ രക്ഷപ്പെട്ട അമൃത്‌പാലിനും പപലല്‍പ്രീത് സിങ്ങിനും അഭയം നല്‍കിയത് ഇവരാണെന്നും കുരുക്ഷേത്ര പൊലീസ് സൂപ്രണ്ട് സുരീന്ദര്‍ സിങ് ഭോരിയ മാധ്യമങ്ങളോട് പ്രതികരിച്ചു.