ചണ്ഡിഗഡ് (പഞ്ചാബ്): ഖലിസ്ഥാന്‍ തീവ്രവാദി സംഘടനയായ വാരിസ് പഞ്ചാബ് ദേ തലവന്‍ അമൃത്‌പാല്‍ സിങിനായി തുടര്‍ച്ചയായ ഏഴാം ദിവസം തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ അമൃത്‌പാലിന്‍റെ കൂട്ടാളികളില്‍ നിന്നും ഇയാളുമായി ബന്ധപ്പെട്ടയിടങ്ങളില്‍ നിന്നും അനന്ദപൂര്‍ ഖല്‍സ ഫോഴ്‌സിന്‍റെ എകെഎഫ് എന്നു പതിച്ച ജാക്കറ്റുകള്‍ ഉള്‍പ്പടെ നിരവധി വസ്‌തുക്കള്‍ പൊലീസ് കണ്ടെടുത്തു. അമൃത്‌പാലിന്‍റെ വീട്ടിലും ഇയാളുടെ ഗ്രാമത്തിലെ ജല്ലുപൂര്‍ ഖേരയിലും നടത്തിയ പരിശോധനയിലാണ് ഇവയെല്ലാം പൊലീസ് കണ്ടെടുത്തത്.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍:ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ രൂപീകരിക്കാൻ അമൃത്പാൽ തയാറെടുപ്പ് നടത്തി വന്നിരുന്നതായും പൊലീസ് അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ഖലിസ്ഥാന്‍ എന്ന് ആലേഖനം ചെയ്‌ത കറന്‍സിയും പതാകയും ഭൂപടവുമെല്ലാം പരിശോധനയില്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ അമൃത്‌പാലിന്‍റെ ഗണ്‍മാന്‍ തജീന്ദർ സിങ് എന്ന ഗോർഖ ബാബയാണ് വിവിധ രാജ്യങ്ങളില്‍ ഖലിസ്ഥാൻ രൂപീകരിക്കാൻ പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തല്‍ നടത്തിയതെന്നും ഇതിനെ തുടര്‍ന്നാണ് ഇവയെല്ലാം പിടികൂടിയതെന്നും ഖന്ന പൊലീസ് എസ്‌എസ്‌പി അമനിത് കൊണ്ടല്‍ അറിയിച്ചു.
ഇവര്‍ തന്നെയാണ് ഖലിസ്ഥാന് വേണ്ടി പതാകയും പ്രത്യേക കറന്‍സിയും നിര്‍മിച്ചതെന്നും കൊണ്ടല്‍ വ്യക്തമാക്കി. മാത്രമല്ല അമൃത്പാൽ തന്‍റെ സ്വകാര്യ സൈന്യമായ ആനന്ദ്പൂർ ഖൽസ ഫൗജും മറ്റൊരു സംരക്ഷണ സംഘവും രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുകൂടാതെ, ആനന്ദ്പൂർ ഖൽസ ആർമിയിലെ ഓരോ വ്യക്തിക്കും പ്രത്യേക നമ്പർ അനുവദിച്ചിരുന്നുവെന്നും അമനിത് കൊണ്ടല്‍ കൂട്ടിച്ചേര്‍ത്തു.
ആയുധ പരിശീലനവും:ഇവ കൂടാതെ ചില വീഡിയോകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ഷൂട്ടിംഗ് റേഞ്ച് പരിശീലിപ്പിക്കുന്ന ഒരു വീഡിയോയാണ് നിലവില്‍ പുറത്തുവന്നിട്ടുള്ളത്. ഇത് പരിഗണിച്ചാല്‍ അമൃത്‌പാല്‍ യുവാക്കള്‍ക്ക് ഷൂട്ടിങ് പരിശീലിപ്പിച്ചുവെന്നു സൈന്യത്തെ ഒരുക്കിയെന്നുമാണ് വെളിപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയ്‌ക്കൊപ്പം ആനന്ദ്പൂർ ഖൽസ ആർമിയുടെ ഹോളോഗ്രാമുകൾ പതിച്ച ചില ഫോട്ടോകളും കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.
അതേസമയം തോക്ക് സംസ്‌കാരത്തിനെതിരായുള്ള പ്രചാരണങ്ങള്‍ക്കിടെയാണ് അമൃത്‌പാലിന്‍റെ കൂട്ടാളികള്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ ആയുധ ലൈസന്‍സ് നല്‍കിയിരുന്നതെന്നാണ് ഉയരുന്ന മറ്റൊരു വാദം. അതുകൊണ്ടുതന്നെ ഈ തോക്കുകള്‍ ലൈസന്‍സ് ഉള്ളവയാണോ എന്നും നിയമവിരുദ്ധമാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
അക്കൗണ്ടും അന്വേഷണ നിഴലില്‍:അമൃത്‌പാലിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. 158 വിദേശ അക്കൗണ്ടുകളില്‍ നിന്ന് അമൃത്‌പാലിന് പണം ലഭിച്ചതായി പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതുപ്രകാരം നടത്തിയ അന്വേഷണത്തില്‍ പഞ്ചാബിലെ മജാ, മാള്‍വ മേഖലകളിലായുള്ള അമൃത്‌പാലിന്‍റെ 28 അക്കൗണ്ടുകളിലേക്ക് അഞ്ച് കോടിയോളം രൂപയുടെ ഇടപാടുകള്‍ നടന്നതായും കണ്ടെത്തിയിരുന്നു.
വിദേശത്ത് നിന്നും പണമെത്തിയത് അന്വേഷിക്കുന്നതിനൊപ്പം അക്കൗണ്ടുകള്‍ തുറക്കുന്നതിനായി സമര്‍പ്പിച്ച രേഖകളും സംഘം പരിശോധിച്ചുവരുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയത് എപ്പോള്‍, ആദ്യ ഇടപാട് നടന്ന തീയതി, വിദേശത്ത് നിന്ന് പണമെത്തിയ തീയതി എന്നിവയാണ് ഏജന്‍സികള്‍ പരിശോധിക്കുന്നത്. മാത്രമല്ല അമൃത്‌പാലിന് പണമെത്തിയ രാജ്യങ്ങളെക്കുറിച്ച് പ്രത്യേകം പരിശോധനയും നടക്കുന്നുണ്ട്. ഇവകൂടാതെ ഒരു ഇടപാടിന് ശേഷം മറ്റൊരു ഇടപാടിന് ഇടയിലെടുത്ത സമയവും ഏറ്റവുമധികം ഇടപാടുകള്‍ നടന്ന സമയവുമെല്ലാം പരിശോധിച്ച് വരികയാണ്.